
ഉദിയൻകുളങ്ങര: കുന്നത്തുകാലിൽ ഓടയിൽ തലകീഴായി വീണ് വൃദ്ധയ്ക്ക് പരിക്ക്. പുല്ലൻതേരി സ്വദേശിയായ ലീലയാണ് (72) ഓടയിൽ തലകീഴായി വീണത്. നിർമ്മാണ പ്രവർത്തനം നടക്കുന്ന അമരവിള കാരക്കോണം റോഡിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ എതിരെ വാഹനം വരുന്നത് കണ്ട് പിറകിലേക്ക് മാറുന്നതിനിടയിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായിവച്ചിരുന്ന കല്ലിൽ തട്ടി ഓടയിലേക്ക് തലകീഴായി വീഴുകയായിരുന്നു.
വീണയുടൻ ലീലയെ നാട്ടുകാരും വഴിയാത്രികരും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് നെയ്യാറ്റിൻകര ജനൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൃദ്ധയുടെ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഓടയിൽ മേൽമൂടിയോ, മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ ഇവിടെ മാസങ്ങളായി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടയിലായിരുന്നു അപകടം.