തിരുവനന്തപുരം: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ നഗരത്തിലെ മാലിന്യ പ്രശ്നത്തെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്ക് പോര്. എവിടെയെങ്കിലും മാലിന്യം കെട്ടിക്കിടക്കുന്നത് കാണിച്ചാൽ ഒരുമിച്ച് പോയി പരിശോധിച്ച് മാറ്റാമെന്ന് എൽ.ഡി.എഫ് കക്ഷിനേതാവ് ഡി.ആർ.അനിൽ വെല്ലുവിളിച്ചു. കിള്ളിയാറിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ ചിത്രവുമായി ബി.ജെ.പി കൗൺസിലർ കരമന അജിത്തുമെത്തി. ഇതിനിടെ റെയിൽവേ മാലിന്യം തള്ളുന്നുവെന്ന വാദവുമായി മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തി. കരമന അജിത് സ്ത്രീവിരുദ്ധനാണെന്ന മേയറുടെ പരാമർശം നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും വാക്കേറ്റത്തിനും വഴിവച്ചു. മേയർ പരാമർശം തെളിയിക്കുകയോ പിൻവലിക്കുകയോ വേണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചത്. ഇത് എൽ.ഡി.എഫ് അംഗങ്ങളുമായുള്ള വാക്കേറ്റത്തിലെത്തി. എൽ.ഡി.എഫ് കക്ഷി നേതാവ് ഡി.ആർ.അനിലാണ് പ്രതിഷേധ സമരം നടത്തിയ വനിത കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതെന്ന് ബി.ജെ.പി തിരിച്ചടിച്ചു. തുടർന്ന് സംസാരിച്ച ബി.ജെ.പി കൗൺസിലർമാരെല്ലാം ഈ ആവശ്യമുന്നയിച്ചെങ്കിലും മേയർ മറുപടി പറഞ്ഞില്ല.പലയിടത്തും ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യം പുഴുവരിച്ചെന്ന് പ്രതിപക്ഷം തെളിവുകൾ നിരത്തി ആരോപിച്ചെങ്കിലും അതിനും മേയർക്ക് മറുപടിയുണ്ടായില്ല.എന്നാൽ ഗുജറാത്തി സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായി സർക്കാർ അടിച്ച പോസ്റ്ററിൽ മേയർ ആര്യാ രാജേന്ദ്രന്റെ ഫോട്ടോ ഉൾപ്പെട്ടത് വികസനത്തിന്റെ പേരിലാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടികാട്ടി.