1

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. 'ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാർമണി' എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.

ജനങ്ങൾക്ക് ഒത്തുച്ചേർന്ന് സന്തോഷം പങ്കിടാനും സഹവർത്തിത്വത്തിന്റെ സന്ദേശം കൈമാറാനും ഇത്തരം ആഘോഷങ്ങൾ അവസരമൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്ന് രാവിലെ മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കും. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

വർണവിസ്മയം പുഷ്പമേള

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ജനുവരി 3വരെ നടക്കുന്ന വസന്തോത്സവത്തിന്റെ പ്രധാനാകർഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കുന്നത്.

കണ്ണഞ്ചിപ്പിക്കും ലൈറ്റ് ഷോ

കഴിഞ്ഞ വർഷത്തേക്കാൾ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കനകക്കുന്നിലെ പ്രവേശന കവാടത്തിൽ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റലേഷനും ഉണ്ടായിരിക്കും.

മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം

ബോൺസായിയുടെ അപൂർവ ശേഖരം, കട്ട് ഫ്ളവർ ഡിസ്‌പ്ലേ, വിവിധ ഇനം ചെടികളുടെ അപൂർവ ശേഖരങ്ങളുമായി സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകൾ എന്നിവ വസന്തോത്സവത്തിലുണ്ടാകും. ഫ്ളോറിസ്റ്റുകൾക്കായി മത്സരങ്ങളും നടക്കും.