1

മൂന്ന് പ്രതികൾ അറസ്റ്റിൽ

കഴക്കൂട്ടം: കഠിനംകുളത്ത് വളർത്തുനായയെ അഴിച്ചുവിട്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാൻ സമീർ ജാമ്യത്തിലിറങ്ങി സംഘം ചേർന്ന് കവർച്ചയും അക്രമവും നടത്തി.വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞനെയും ഭാര്യയെയും ഇയാളും സംഘവും ആക്രമിച്ചു. സംഭവത്തിൽ കമ്രാൻ അടക്കം മൂന്നുപേർ കഠിനംകുളം പൊലീസിന്റെ പിടിയിലായി. ഇയാളുടെ കൂട്ടാളികളായ കാള രാജേഷ്,​നഹാസ് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.

ഇവർ കഴിഞ്ഞ ഞായറാഴ്ച പുത്തൻതോപ്പ് പാലത്തിനടുത്ത് വച്ച് വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് അരുവിക്കര സ്വദേശിയായ യുവാവിനെ പുത്തൻതോപ്പിലെ ഒഴിഞ്ഞ പുരയിടത്തിലെത്തിച്ച് കല്ലുകൊണ്ട് ശരീരമാസകലം മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തു.തിങ്കളാഴ്ച രാത്രി 11ഓടെ ഇയാളും സംഘവും പുത്തൻതോപ്പ് ആശുപത്രിക്ക് സമീപത്ത് വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞനായ ബീഹാർ സ്വദേശി വികാഷ് കുമാറും ഭാര്യയും സ‍ഞ്ചരിച്ചിരുന്ന കാറിനുനേരെ കല്ലെറിഞ്ഞു. ചില്ല് തകർന്നതിനെ തുടർന്ന് പുറത്തിറങ്ങിയ വികാഷ് കുമാറിനെയും ഭാര്യയെയും ഇവർ മൂന്നുപേരും ചേർന്ന് മർദ്ദിച്ചു. നെയിൽ കട്ടർ കൊണ്ടുള്ള ആക്രമണത്തിൽ വികാഷ് കുമാറിന്റെ മുഖത്തും കഴുത്തിലും തോളിലും സാരമായി പരിക്കേറ്റു. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ടു തടയാൻ ചെന്ന ഭാര്യ ഷിപ്ര ജയ്സാളിനെ കമ്രാൻ സമീർ തള്ളിയിട്ടു. സംഭവത്തെ തുടർന്ന് കഠിനംകുളം ഇൻസ്‌പെക്ടർ സാജന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തി രണ്ടുദിവസം കൊണ്ടു തന്നെ മൂന്നു പ്രതികളെയും മൂന്നു സ്ഥലത്ത് നിന്നായി അറസ്റ്രു ചെയ്തു.കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സമീറിനെ പിടികൂടിയത്.

ഈ മാസം 14നാണ് കമ്രാൻ കഠിനംകുളം ചിറയ്ക്കലിൽ സക്കീറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായയെ വിട്ടു സക്കീറിനെ കടിപ്പിച്ചത്. ഈ കേസിൽ 17ന് കമ്രാൻ പിടിയിലായി.18ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 19നാണ് ജാമ്യത്തിലിറങ്ങിയത്.