ബാലരാമപുരം: മദ്യലഹരിയിൽ അസഭ്യം പറയുകയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ബാലരാമപുരം പൊലീസ് കസ്റ്റയിലെടുത്തു.പുന്നക്കാട് സ്വദേശി അഖിൽ എന്ന സച്ചുവിനെയാണ് (27)​പൊലീസ് കസ്റ്രയിലെടുത്തത്. പുന്നക്കാട് ആർ.എൽ നിവാസിൽ രാജൻ മകൻ രാജേഷ് (37)​,​പനവിളാകം രതീഷ് ഭവനിൽ ശ്യാം രതീഷ് (20)​,​സി.പി.എം പുന്നക്കാട് ബ്രാഞ്ച് സെക്രട്ടറി ലെനിൻ (43)​ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്ന രാജേഷിന്റെ വാഹനത്തിന് മുന്നിൽ സച്ചു എന്ന യുവാവ് അപകടകരമായരീതിയിൽ ബൈക്ക് ഓടിച്ചുവന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.ശേഷം വീട്ടിലേക്കുപോയ രാജേഷിനെ പിന്തുടർന്നെത്തിയ സച്ചു ഇയാളുടെ വീട്ടിൽ അതിക്രമിച്ചുകയറി രാജേഷിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ അതുവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യാനായി പോവുകയായിരുന്ന ബ്രാഞ്ച് സെക്രട്ടറി ലെനിനോട് നീ എന്തിനാടാ എന്നെ തുറിച്ചു നോക്കുന്നത് എന്ന് ചോദിച്ച് കൈയിലിരുന്ന കത്തി കൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു.ഇതുകണ്ട് ഓടി വന്നയാളായിരുന്നു ശ്യാം രതീഷ്. യുവാവിനെയും സച്ചു മർദ്ദിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷും ശ്യാം രതീഷും സ‌ച്ചുവിന്റെ ബന്ധുക്കളാണ്. രാജേഷിന്റെ തലയ്ക്ക് ആറ് തുന്നലുണ്ട്.ബ്രാഞ്ച് സെക്രട്ടറിയുടെ പരിക്ക് ഗുരുതരമല്ല.സച്ചുവിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് പറഞ്ഞു.