ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിൽ കാലതാമസം നേരിടുന്നതിനെതിരെ പ്രതിഷേധവുമായി ഭൂവുടമകൾ. 2024ഓടെ കൊടിനട-വഴിമുക്ക് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം ഇതുവരെ അനുവദിച്ചില്ല. ഒരു വർഷം മുമ്പേ വസ്തുവിന്റെ രേഖകൾ സഹിതം റവന്യൂവകുപ്പിന് കൈമാറിയിരുന്നു. ആറ് മാസത്തിനുള്ളിൽ ഭൂമി വിട്ടുനൽകിയവർക്കുള്ള തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അറിയിപ്പും നൽകിയിരുന്നു. ആദ്യഘട്ടത്തിൽ തുക വിതരണം ചെയ്തെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ ദേശീയപാതാവികസനം അനിശ്ചിതമായി നീളുകയാണ്. പകുതിയിലധികം പേർക്കും നഷ്ടപരിഹാരം കൈമാറിയെന്നാണ് ദേശീയപാതവിഭാഗം അറിയിച്ചിരിക്കുന്നത്. വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്ന ലാൻഡ് അക്യൂസിഷൻ വിഭാഗം തുക വൈകിപ്പിക്കുന്നുവെന്നാണ് നിലവിൽ ആരോപണമുയർന്നിരിക്കുന്നത്. നഷ്ടപരിഹാരം ലഭിച്ചിട്ടും കടകൾ ഒഴിയുന്നില്ലെന്ന ആക്ഷേപമുണ്ട്.
കൊടിനട മുതൽ വഴിമുക്ക് വരെ എ.ബി.സി കാറ്റഗറി തിരിച്ചാണ് നഷ്ടപരിഹാരം നൽകിവരുന്നത്
കടംവാങ്ങി പ്രമാണം കൈമാറി
വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചപ്പോൾ വസ്തുവിന്റെ ബാദ്ധ്യതകൾ തീർക്കാൻ പലിശയ്ക്കും മറ്റും കടംവാങ്ങിയാണ് മിക്കവരും രേഖകൾ കൈമാറിയത്. എന്നാൽ എല്ലാവിധ ബാദ്ധ്യതകളും തീർത്ത് പ്രമാണം കൈമാറിയിട്ടും നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്യാൻ എൽ.എ വിഭാഗം അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭൂവുടമകൾ പറയുന്നു. നഷ്ടപരിഹാരം ഇനിയും വൈകിയാൽ പ്രതിഷേധസമരവുമായി മുന്നോട്ടുപോകുമെന്ന് ഭൂവുടമകളും തൊഴിലാളികളും പറഞ്ഞു.
നഷ്ടപരിഹാരം എത്രയും വേഗം നൽകണം
കൊടിനട മുതൽ വഴിമുക്ക് വരെ ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണം. ഡിസംബറോടെ നഷ്ടപരിഹാരം പൂർണമായും വിതരണം ചെയ്യുമെന്നറിയിച്ചെങ്കിലും വീണ്ടും മുടന്തൻ ന്യായം പറയുന്നത് ഭൂവുടമകളോടുള്ള വെല്ലുവിളിയാണ്. മണ്ഡലം എം.എൽ.എമാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
എച്ച്.എ നൗഷാദ്
ജനകീയപ്രതികരണ വേദി ചെയർമാൻ