
ഗോകുൽ സുരേഷും അനുജൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന വല എന്ന ചിത്രം അരുൺ ചന്തു സംവിധാനം ചെയ്യുന്നു. സോംബി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വർഗീസ്, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഗോകുൽ സുരേഷ്, അജു വർഗീസ്, ഗണേഷ്‌കുമാർ, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഗഗനചാരിക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് വല. അണ്ടർ ഡോഗ്സ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ലെറ്റേഴ്സ് എന്റർടെയ്ൻമെന്റാണ് സഹനിർമ്മാണം. ശങ്കർ ശർമ്മയാണ് സംഗീതം. മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന വിശേഷണവുമായി കഴിഞ്ഞ ദിവസം മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. നവാഗതനായ ആൽബി പോളാണ് സംവിധാനം. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വൽ എന്നീ ചിത്രങ്ങൾക്കു ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ ജാമ്പിം ആണ് മറ്റൊരു സോംബി ചിത്രം. നടൻ ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം 2026ൽ റിലീസ് ചെയ്യും. സാങ്കല്‌പിക ജീവികളാണ് സോബികൾ. സാധാരണയായി പുനരുജ്ജീവിച്ച മൃതദേഹങ്ങൾ അല്ലെങ്കിൽ വൈറസ് ബാധിച്ച മനുഷ്യരായി ചിത്രീകരിക്കപ്പെടുന്നു. പ്രകൃതിയിൽ നരഭോജികളായാണ് അവരെ സാധാരണ ചിത്രീകരിക്കുന്നത്.