
വിഴിഞ്ഞം: ക്രിസ്മസ് ദിനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലിനെ വിസിൽ എം.ഡി. ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വരവേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് 'എം.എസ്.സി മിഷേല" എന്ന കപ്പലെത്തിയത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി തുറന്നെന്നും വിഴിഞ്ഞം തുറമുഖം ഉയർച്ചയുടെ പടവുകൾ ഓരോന്നായി താണ്ടുകയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാലു മാസത്തോളം നീണ്ട ട്രയൽ റണ്ണിനുശേഷമാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് വിഴിഞ്ഞത്ത് ആരംഭിച്ചത്. 299.87 മീറ്റർ ദൈർഘ്യമുള്ള കപ്പലിന് 12.5 മീറ്റർ ഡ്രാഫ്റ്റുണ്ട്.
 കണ്ടെയ്നർ 2ലക്ഷം
വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ നീക്കം ഇന്ന് രണ്ട് ലക്ഷം ടി.ഇ.യു തികയുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ 1.95 ലക്ഷം ടി.ഇ.യുവിലധികമായിരുന്നു കണ്ടെയ്നർ നീക്കം.
 പ്രധാനമന്ത്രിക്കായി റോഡ്
പുതുവർഷത്തിൽ തുറമുഖം കമ്മിഷൻ ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തിച്ചേരാനുള്ള റോഡ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എയർപോർട്ടിൽ നിന്നും ബൈപ്പാസ് വഴി വിഴിഞ്ഞം മുല്ലൂർ തലയ്ക്കോട് ഭാഗത്തെത്തിയ ശേഷം തുറമുഖ റോഡിലേക്ക് പ്രവേശിക്കും.
 വളർച്ചയുടെ നാഴികകല്ല്
ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി ഇന്ത്യ അതിവേഗം ഉയർന്നുവരുന്നതിന്റെ മറ്റൊരു നാഴികക്കല്ലാണ് വിഴിഞ്ഞത്തിന്റെ കുതിപ്പ്. ഓട്ടോമേറ്റഡ് കണ്ടെയ്‌നർ കൈകാര്യം ചെയ്യലിനൊപ്പം തുറമുഖങ്ങളിലും ലോജിസ്റ്റിക്‌സിലും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള തങ്ങളുടെ നീക്കത്തിന്റെ മുന്നോടിയാണ് കേരളത്തിലെ ഈ പുതിയ തുറമുഖമെന്ന് കരൺ അദാനി എക്സിൽ കുറിച്ചു.