തിരുവനന്തപുരം: ഒരു തലമുറയേയോ കാലഘട്ടത്തെയോ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള ഒരെഴുത്തുകാരൻ മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
മൗനത്താൽ ശക്തമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വാക്കുകൾക്കും വാചകങ്ങൾക്കുമിടയിൽ അദ്ദേഹം തിരുകിവച്ച മൗനം ഞാനെന്റെ നാടകങ്ങളിലേക്ക് പടർത്താൻ ശ്രമിച്ചിട്ടുണ്ട്. 1995ൽ ജ്ഞാനപീഠം അവാർഡ് സ്വീകരിക്കാൻ അദ്ദേഹം തിരുവനന്തപുരത്ത് വന്നിരുന്നു. സെനറ്റ് ഹാളിലേക്ക് പോകുംവഴി ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന എന്നെ കണ്ടിട്ടുപോകാമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സമയം പോയെന്ന് എല്ലാവരും ഓർമ്മപ്പെടുത്തിയിട്ടും നിർബന്ധപൂർവം എന്നെ കാണാനെത്തി. നോക്കിനിന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. മറ്റുള്ളവർ മുറിവിട്ടിറങ്ങിയപ്പോൾ അദ്ദേഹം എന്റെയരികിലെത്തി കൈപിടിച്ച് നെഞ്ചിൽവച്ച് എന്തോ പറയാനാഞ്ഞു-"ഒന്നും പറയാനില്ല" എന്ന വാചകം മാത്രമേ പുറത്തുവന്നുള്ളൂ.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങൾ എന്റെ കഥാപാത്രങ്ങളെ കാണുന്നതും സമാനമായ ദുഃഖം പങ്കുവയ്ക്കുന്നതുമായ ഓപ്പൺ എയർ നാടകം 'തുടർച്ച' ജനപങ്കാളിത്തത്താൽ വിജയിച്ചിരുന്നു. കോഴിക്കോട് അദ്ദേഹത്തിന്റെ മുന്നിൽ നാടകം അവതരിപ്പിക്കണമെന്ന എന്റെ ആഗ്രഹം പൂർത്തിയാകാത്ത സ്വപ്‌നംപോലെ ബാക്കിനിൽക്കുന്നു.