പാലോട്:ജനിച്ച മണ്ണിന് പട്ടയമെന്ന ആവശ്യവുമായി മുപ്പതിലധികം കുടുംബങ്ങൾ അധികൃതരുടെ തിണ്ണനിരങ്ങാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം നിവാസികളാണ് 82വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ സഹായങ്ങളെല്ലാം ഇവർക്ക് പടിക്കുപുറത്താണ്. ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം. തിരഞ്ഞെടുപ്പെത്തുമ്പോൾ മാത്രമാണ് ഇവിടുത്തുകാരും തങ്ങളുടെ വോട്ടർമാരാണെന്ന് അധികൃതർ തിരിച്ചറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പട്ടയം നൽകുമെന്നുള്ള വാഗ്ദാനം രാഷ്ട്രീയക്കാർ നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാം മറന്നു. റവന്യു വസ്തുവാണെങ്കിലും ഒരു ഭാഗം വനത്തോട് ചേർന്നതായതിനാൽ ഇവിടെത്തന്നെ 9കുടുംബങ്ങൾക്ക് കൈവശാവകാശം ലഭിക്കുമെന്നത് അസാദ്ധ്യമായി. ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുമെന്നുള്ള പ്രതീക്ഷയും അസ്ഥാനത്തായി. മിക്ക വീടുകൾക്കും ടോയ്‌ലെറ്റുകളില്ലാത്തതും അനേകം വീടുകൾക്ക് ഒരു കിണർ മാത്രമുള്ളതും പ്രശ്നമാണ്. തലചായ്ക്കാൻ ആറടി മണ്ണെങ്കിലും സ്വന്തം പേരിൽ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിൽ

3ഹെക്ടർ സ്ഥലത്ത് 30കുടുംബങ്ങളിലെ 600ലധികംപേർ 80വർഷമായി താമസിക്കുന്നു. പട്ടയമില്ലാത്തതിനാൽ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാണ്. താമസഭൂമി തെന്നൂർ വില്ലേജിലാണെങ്കിലും ഇവരുടെ ആധാർകാർഡുകളിൽ കുറുപുഴ വില്ലേജെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നന്ദിയോട്,പെരിങ്ങമ്മല,തൊളിക്കോട്,വിതുര പഞ്ചായത്തുകളിലെ 236കുടുംബങ്ങൾക്ക് 1985ൽ കൈവശാവകാശരേഖ സർക്കാർ നൽകിയെങ്കിലും നാളിതുവരെ പട്ടയം നൽകിയിട്ടില്ല.

പട്ടയമേളകളിൽ അവഗണന

താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെത്തുടർന്ന് റവന്യു മന്ത്രി ഇടപെടുകയും കുറുങ്ങണം പ്രദേശത്തെ അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മന്ത്രിക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ 01-01-1977ന് മുൻപ് വനഭൂമി കൈവശം വച്ച് വരുന്നവർക്ക് പട്ടയം നൽകാൻ വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധനനടത്തിയതായും കൈവശസ്ഥലത്തിന്റെ ജി.പി.എസ് കോ-ഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായും അറിയിച്ചു. പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികാരികൾ അറിയിച്ചെങ്കിലും പട്ടയമേളകളിൽ പൂർണമായും അവഗണിച്ചു.