1

പൂവാർ: പൂവാർ തീരമേഖല മാലിന്യത്തിൽ മുങ്ങിയതായി പരാതി. പൊഴിക്കര, ഗോൾഡൻ ബീച്ച്, ഇ.എം.എസ് നഗർ തുടങ്ങി തീരത്തെ തിരക്കുള്ള ഭാഗങ്ങൾ ഇലക്ട്രിക് വയറുകൾ,ബാറ്ററികൾ,മൊബൈൽ അവശിഷ്ടങ്ങൾ,പഴയ ടി.വി,റേഡിയോ,സി.ഡി,പ്ലാസ്റ്റിക്ക് കവറുകൾ, ചാക്കുകൾ,തുണികൾ എന്നിവയാൽ നിറഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ ആഹാരാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പരുന്തും കാക്കയും കൊത്തിവലിച്ചും തെരുവുനായ്ക്കൾ ഭക്ഷിച്ചും തീരം മലിനമാക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം കടലിലെത്തുന്നതോടെ മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകരുടെയും ആവശ്യം.

മാലിന്യം പൊഴിമുഖങ്ങൾ വഴി

കടലിൽ മാലിന്യങ്ങളെത്തുന്നത് പൊഴിമുഖങ്ങൾ വഴിയാണ്. അതേസമയം ആവശ്യമായ ന്യൂട്രിയൻസും പൊഴികളിൽ കൂടിയാണ് ലഭിക്കുന്നത്. മഴപെയ്താൽ ആഴ്ചകളോളം കെട്ടിക്കിടക്കുന്ന റോഡിലെ മലിനജലം പൂവാർ തീരത്തിന്റെ സ്ഥിരംകാഴ്ചയാണ്.

പദ്ധതികൾ വിജയം കണ്ടില്ല

വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മാലിന്യം മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്കെത്തുന്ന മാംസങ്ങളും അഴുകിയ മീനും കൂട്ടത്തിലുണ്ടാകും. രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചെറിയുന്നു. ജൈവ,അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പഞ്ചായത്ത് പല പദ്ധതികളും നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഗ്രീൻക്ലീൻ പദ്ധതി കൊണ്ടുവന്നിരുന്നു. മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതും റീസൈക്ളിംഗ് ചെയ്ത് ഉപയോഗിക്കുന്നതുമായിരുന്നു പദ്ധതി. ഇതും ഫലം കണ്ടില്ല.

പൂവാർ തീരത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ മാലിന്യമുക്തം നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥിരം സംവിധാനം നടപ്പാക്കണം

കരുംകുളം രാധാകൃഷ്ണൻ,

വൈസ് പ്രസിഡന്റ്, കരുംകുളം കൾച്ചറൽ സെന്റർ