കിളിമാനൂർ: ഗ്രാമങ്ങളിലെ തേൻകാലത്തിന് തുടക്കമായി. ഹോർട്ടികോർപ്പിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തേൻകൃഷി പ്രോത്സാഹിപ്പിച്ചതോടെയാണ് ഗ്രാമങ്ങളിൽ തേനീച്ച കൂടുകൾ ഉയരാൻ തുടങ്ങിയത്. നല്ലൊരു വരുമാനം കൂടിയായതോടെ കൂടുതൽ ആളുകൾ തേൻ കൃഷിയിലേക്ക് തിരിയാൻ തുടങ്ങി. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് തേൻകാലം. മികച്ച പരിശീലനം ലഭിച്ചാൽ നല്ലൊരു തേനീച്ച കർഷകനാകാമെന്ന് കർഷകർ പറയുന്നു.മഴ, അടപ്പുഴു, ഉറുമ്പ് എന്നിവ തേനീച്ചകളുടെ ശത്രുക്കളാണെന്ന് പറയാം.
കർഷകർക്കായി നിരവധി പദ്ധതികൾ
സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഹോർട്ടിക്കോർപ്പ് മുഖേന തേനീച്ച കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകുന്നു. കൃഷി ചെയ്യുന്നതിനുള്ള കൂടും, തേനെടുക്കുന്നതിനുള്ള എക്സ്ട്രാറ്റർ,സ്‌മോക്കർ, നൈഫ് എന്നിവയും ലഭ്യമാക്കും. പഞ്ചായത്ത് തലത്തിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്ന തേനിച്ചക്കൂട് കൊടുക്കുന്ന പദ്ധതികളും തയ്യാറാക്കി നടപ്പാക്കുന്നുണ്ട്.
തേൻ ഉത്പന്നങ്ങൾ പലതുണ്ട്
ഹണി കോള,ഹണി കോംബ്,തേനിലിട്ട വെളുത്തുള്ളി,ഇഞ്ചി തേനിലിട്ടത്,ഈന്തപ്പഴം തേനിലിട്ടത്,മെഴുക് ഉപയോഗിച്ചുണ്ടാക്കുന്ന കോസ്മെറ്റിക് ഉത്പന്നങ്ങൾ തുടങ്ങി തേനിച്ച കർഷകരുടെ ഉത്പന്നങ്ങൾ കൃഷിഭവൻ തലത്തിലെ ആഴ്ചച്ചന്തകൾ,ഇക്കോഷോപ്പ്,വിവിധ മേളകൾ വഴി വിറ്റഴിക്കാൻ സഹായിക്കുന്നു.
തേൻവില : 400- 450
**കിളിമാനൂർ ബ്ലോക്ക് പരിധിയിൽ 250ഓളം തേനീച്ച കർഷകരുണ്ട്. ക്ഷാമകാലം, വളർച്ചാ കാലഘട്ടം, ഹണി സീസൺ എന്നിങ്ങനെ മൂന്ന് ഘട്ടമാണ് തേനീച്ച കൃഷിക്കുള്ളത്. ക്ഷാമകാലത്ത് പൂവും പൂമ്പൊടിയും കിട്ടാത്തതുകൊണ്ട് ആ കാലത്ത് പഞ്ചാസാര പാനി തേനിച്ചക്കൂട്ടിലെത്തിക്കണം.