w

തിരുവനന്തപുരം: നിറങ്ങളെ സ്നേഹിക്കുന്ന അച്ഛനും മകളും വരച്ച ഒരുപിടി ചിത്രങ്ങൾ ശ്രദ്ധനേടുന്നു. സ്കൂൾതലം മുതൽ ചിത്രകലയിൽ താത്പര്യമുള്ള മലയിൻകീഴ് സ്വദേശി ശാന്തകുമാറും മകൾ ലേക്കോൾ ചെമ്പക സ്കൂളിലെ ഒൻപതാംക്ലാസുകാരി അഭിരാമിയും വരച്ച 40ഓളം ചിത്രങ്ങളാണ് ശാസ്തമംഗലം മോവ് ആർട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.പി.എസ്.സിയിൽ സെക്ഷൻ ഓഫീസറാണ് ശാന്തകുമാർ. അച്ഛനിൽ നിന്നാണ് അഭിരാമിക്ക് ചിത്രരചനയിൽ അഭിരുചി കിട്ടിയതെങ്കിലും ഇരുവരും വരയ്ക്കുന്ന പ്രമേയങ്ങൾ വ്യത്യസ്തമാണ്. ലാൻഡ്സ്കേപ്പ് ചിത്രങ്ങളാണ് ശാന്തകുമാറിന് ഇഷ്ടം. മകൾക്ക് താത്പര്യം പോട്രേറ്റുകളോടാണ്. ഒരുമാസമെടുത്താണ് ഈ ചിത്രങ്ങൾ ഇരുവരും പൂർത്തിയാക്കിയത്.അക്രിലിക്ക്, പെൻസിൽ,ചാർക്കോൾ തുടങ്ങിയ മാദ്ധ്യമങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ചിത്രകലയ്ക്ക് പുറമേ കവിതാരചന, സംഗീതം എന്നിവയിലും അഭിരാമിക്ക് താത്പര്യമുണ്ട്. 'ലൈഫ് സംടൈംസ്', 'ഷീ' എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ മുഖചിത്രവും ഇലസ്ട്രേഷനും നിർവഹിച്ചതും അഭിരാമി തന്നെയാണ്. മറ്റ് പുസ്തകങ്ങൾക്കും മുഖചിത്രം വരയ്ക്കാറുണ്ട്.ചിത്രപ്രദ‌ർശനം പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.പി.എസ്.സി അംഗം എസ്.വിജയകുമാരൻ നായർ മുഖ്യാതിഥിയായി. 29 വരെ പ്രദർശനം തുടരും.രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം.