ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അതിർത്തിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾക്ക് ഷെൽട്ടർഹോം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരോ മാസവും തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നത് നിരവധി പേർക്കാണ്. തെരുവ് നായ്ക്കൾക്ക് ഷെൽട്ടർഹോം ഒരുക്കാൻ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റിൽ സൗകര്യമുണ്ടന്ന് നേരത്തെ നഗരസഭ വിലയിരുത്തിരുന്നു. വീടുകളിൽ വളർത്തുന്ന തെരുവ് നായ്ക്കൾക്ക് വാക്സിനേഷനും, ലൈസൻസും നിർബന്ധമാക്കുകയും വേണം. ലൈസൻസ് ഫീ ഇനത്തിൽ ലഭിക്കുന്ന വരുമാനം ഷെൽട്ടർ സംവിധാനത്തിന്റെ ചെലവിനായി വിനിയോഗിച്ചാൽ നഗരസഭയ്ക്ക് ഇതിനായി പ്രത്യേകം തുക കണ്ടത്തേണ്ടി വരില്ല.

വിദ്യാർത്ഥികളും യാത്രക്കാരും ഭീഷണിയിൽ

ബസ് സ്റ്റാൻഡുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്കൂൾ, കോളേജ്,ഐ.ടി.ഐ, പോളി ടെക്നിക് തുടങ്ങിയയിടങ്ങളിലും തെരുവിലുമുള്ള അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടർഹോമിലെത്തിച്ചാൽ തെരുവ് നായ്ക്കളുടെ ശല്യത്തിന് അറുതിവരും. നേരുത്തെ ആറ്റിങ്ങൽ നഗരസഭ സായിഗ്രാമവുമായി ചേർന്ന് നായ്ക്കൾക്ക് വന്ധ്യംകരണ ശസ്ത്രക്രീയ നടത്തിരുന്നു. ഇത് തെരുവ് നായ്ക്കളുടെ എണ്ണം കുറച്ചിരുന്നു. എന്നാൽ ഇന്ന് അതൊന്നും നടക്കുന്നില്ല. തെരുവ് നായ്ക്കൾ കൂടി വരുന്നതോടെ വിദ്യാർത്ഥികളും യാത്രക്കാരും ഭീഷണിയിലുമാണ്. ഇതിന് അറുതി വരുത്തണമെന്നാണ് പരക്കെയുള്ള ആവശ്യം

പട്ടണത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണ ഭീഷണിക്ക് അറുതി വരുത്താനും നിർദ്ദിഷ്ട ഷെൽട്ടർഹോം സംവിധാനം ഒരുക്കാനും ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം.

കടയ്ക്കാവൂർ ഷിബു,

സാംസ്കാരിക സാമൂഹിക പ്രവർത്തകൻ,

നിലയ്ക്കാമുക്ക്.