ആര്യനാട്: ആര്യനാട് ബിവറേജിന് മുന്നിലെ വാഹന പാർക്കിംഗ് സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. ക്രിസ്മസ് ദിനത്തിൽ ബിവറേജിൽനിന്നും മദ്യം വാങ്ങി മടങ്ങിയ കുളപ്പട സ്വദേശി അരുൺ, സുഹൃത്ത് ആദർശ് എന്നിവരോട് നാലംഗ സംഘം വണ്ടി മാറ്റാൻ ആവശ്യപ്പെട്ടു. ഇത് തർക്കത്തിന് കാരണമായി. തുടർന്ന് സംഘത്തിലുള്ള ഒരാൾ അരുണിന്റെ തലയിൽ അടിച്ചു. ഇതോടെ പത്ത് മിനിട്ടോളം കൂട്ടയടിയായി. തുടർന്ന് പുറത്ത് പാർക്ക്ചെയ്തിരുന്ന സംഘത്തിന്റേതെന്ന് കരുതുന്ന ഇന്നോവ കാറിൽ നിന്നും തടികഷ്ണങ്ങളുമായി സംഘം സംഘർഷത്തിന് മുതിർന്നുവെങ്കിലും ആര്യനാട് പൊലീസെത്തി ഇരുകൂട്ടരേയും പിന്തിരിപ്പിച്ചു. ഒരാളുടെ തലയ്ക്കും മറ്റുള്ളവർക്ക് ചെറിയ രീതിയിലും പരിക്കുകളുണ്ടെന്ന് ദൃക്‌‌സാക്ഷികൾ പറഞ്ഞു.