തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന് സമീപത്തെ കണ്ണമ്മൂല അനന്തപുരി ലൈൻ നിവാസികൾ ആശങ്കയിലാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെയും ആമയിഴഞ്ചാൻ തോടിനോട് ചേർന്ന സംരക്ഷണ ഭിത്തിയുടെയും നിർമ്മാണത്തിൽ പാകപ്പിഴകൾ ആരോപിക്കുകയാണ് നാട്ടുകാർ. ഒരുവർഷം മുമ്പുള്ള ക്രിസ്മസ് തലേന്നാണ് സംരക്ഷണഭിത്തി തകരുന്നത്. തുടർന്ന് ഇറിഗേഷൻ വിഭാഗം നിർമ്മാണം ഏറ്റെടുത്തു. ഓരോ പത്തുമീറ്ററിനും ഒരു തൂൺകട്ടി എന്ന ക്രമത്തിലായിരുന്നു ഭിത്തി നിർമ്മാണം നിശ്ചയിച്ചിരുന്നത്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഹെവി വാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോകുന്ന റോഡാണിത്. അതിനാൽ ശക്തവും ഗുണമേന്മയുള്ളതുമായ സാമഗ്രികൾ കൊണ്ട് റോഡ് നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. എന്നാൽ ഹിറ്റാച്ചി ഉപയോഗിച്ച് ആമയിഴഞ്ചാൻ തോട്ടിലെ ചെളിയെടുത്താണ് റോഡിന് നിലവിൽ അടിത്തറ ഒരുക്കുന്നത്.
 ദുരിതയാത്ര...
200 മീറ്റാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. റോഡ് പണിക്ക് ശേഷം ഭിത്തിയുടെ ഉയരം ചിലപ്പോൾ കൂട്ടും. കണ്ണമ്മൂലയിൽ നിന്ന് കിംസ് ആശുപത്രിയിലേക്ക് പോകുന്നതിനുള്ള എളുപ്പ വഴിയാണിത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. മുമ്പ് പലവട്ടം വാഹനങ്ങൾ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മഴ പെയ്യുമ്പോൾ റോഡിൽ ചെളി നിറയും. റോഡ് പണിയും ഇക്കാരണത്താൽ വൈകുന്നു. പണി എന്ന് പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർക്കും ഉറപ്പില്ല.