crime

തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പി.ആർ.ഒയെ വിജിലൻസ് സി.ഐ മർദ്ദിച്ചതായി പരാതി. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ ബുധനാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പി.ആർ.ഒ കഴക്കൂട്ടം സ്വദേശി എസ്. വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്.

സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ ഗ്യാസ് പൈപ്പ് ഇടുന്നതിനായി ഗതാഗതം നിരോധിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വിനോദുമായി കാറിലെത്തിയ വിജിലൻസ് സി.ഐ തർക്കത്തിലായി. സംസാരം കൈയ്യാങ്കളിയിൽ കലാശിച്ചു. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ വിനോദ്കുമാർ സ്ഥലത്തു തന്നെ കുഴഞ്ഞുവീണു. ബോധം വീണപ്പോൾ വീണ്ടും തെറിവിളിച്ച് മർദ്ദിച്ചതായി വിനോദ് കുമാർ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിനോദ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സതേടി.

എന്നാൽ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചത് ചോദിച്ചപ്പോൾ വിനോദ് കുമാർ കാറിലിടിച്ച് ബഹളമുണ്ടാക്കിയെന്നും പുറത്തിറങ്ങിയ തന്നെ തെറിവിളിച്ച് മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും തടയാൻ ശ്രമിച്ച തന്റെ ഭാര്യയെ പിടിച്ചുതള്ളിയൊന്നും ചൂണ്ടിക്കാട്ടി സി.ഐ അനൂപ് ചന്ദ്രനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ഇരുവരുടെയും പരാതികളിൽ അന്വേഷണം നടന്നുവരികയാണെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.