manmohan-singh

ഇന്ത്യ കണ്ടിട്ടുള്ള മികച്ച ഭരണതന്ത്രജ്ഞൻമാരിൽ ഒരാളെയാണ് നഷ്ടമായത്. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം പത്തുവർഷകാലം പ്രവർത്തിച്ചത് വേറിട്ട അനുഭവമായിരുന്നു. പ്രതിസന്ധികളിൽ ചർച്ചകളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും എങ്ങനെ പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പല സന്ദർഭങ്ങളിലും പ്രവർത്തിച്ചു കാണിച്ചു. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക അഭിവൃദ്ധിക്ക് മൻമോഹൻ സിംഗ് കൈകൊണ്ട നടപടികൾ അടിത്തറ പാകി. ധനകാര്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം കൈകൊണ്ട തീരുമാനങ്ങൾ ശക്തമായ സാമ്പത്തിക സുസ്ഥിരത നൽകുന്നതിന് കാരണമായി. പ്രധാനമന്ത്രിയായിരിക്കെ ഒരുദിവസത്തിന്റെ മുക്കാൽ സമയവും അദ്ദേഹം കർമ്മ നിരതനായിരുന്നു. ഓരോ ഫയലും കൃത്യമായി പഠിച്ച് അതിന്റെ ശരിതെറ്റുകൾ വിശകലനം ചെയ്തുമാത്രമേ അദ്ദേഹം ഒപ്പുവയ്ക്കുമായിരുന്നുള്ളൂ. അത്രയ്‌ക്ക് സൂക്ഷമതയോടെയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. വ്യക്തിപരമായും അദ്ദേഹവുമായി അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് കടുത്ത വേദനയുണ്ടാക്കുന്നതാണ്.

(മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയിരുന്നു ലേഖകൻ)