
തിരുമല: അയൽവാസിയായ സ്ത്രീയെയും അവരുടെ സഹോദരനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല വില്ലേജ് പുന്നക്കാമുകൾ വാർഡിൽ കല്ലറമഠം ക്ഷേത്രത്തിന് എതിർവശം ടി.സി 19/1-1 തേലിഭാഗം റസിഡന്റ്സ് ടി.ബി.ആർ.എ 53 ധന്യ വീട്ടിൽ സിങ്കം ധനേഷ് എന്ന ധനേഷ്.എം (40), തിരുമല വില്ലേജിൽ തിരുമല വാർഡിൽ അരയല്ലൂർടി.സി /946 മുതിയൂർവിള വീട്ടിൽ മനോജ് ശേഖർ.സി എന്ന മനു( 38) എന്നിവരാണ് പിടിയിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. തിരുമല അരയല്ലൂർ സ്വദേശിനി ബീനയെ നിരന്തരം ശല്യം ചെയ്തിരുന്ന ഒന്നാം പ്രതി മനോജ് ശേഖറിനെ ബീനയുടെ സഹോദരൻ രാധാകൃഷ്ണൻ പറഞ്ഞു വിലക്കിയതിനുള്ള വിരോധത്തിലാണ് രണ്ടാം പ്രതിയായ സിംഗം ധനേഷിനെ വിളിച്ചുവരുത്തി ബീനയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമിച്ചത്. ബീനയുടെ സഹോദരന് കഴുത്തിൽ ആഴത്തിലുള്ള പരിക്കേൽക്കുകയും ബീനയുടെ വിരൽ വേർപെട്ട് പോവുകയും ചെയ്തു. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് പൂജപ്പുര പൊലീസിന്റെ പിടിയിലാകുന്നത്. പൂജപ്പുര പൊലീസ് ഇൻസ്പെക്ടർ ഷാജിമോൻ.പിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്,രാജേന്ദ്രൻ നായർ,സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ,മണിലാൽ,അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.