
ആറ്റിങ്ങൽ:അമാനുള്ളയുടെ മരുഭൂമിയിലെ മറുജീവിതങ്ങൾ എന്ന പുസ്‌തകത്തിന്റെ തമിഴ് പരിഭാഷയായ പാലൈ ചുനൈ മികച്ച തമിഴ് വിവർത്തന കൃതിക്കുള്ള പുരസ്‌കാരത്തിന് അർഹമായി. പ്രവാസ ജീവിതത്തിന്റെ വേറിട്ട കഥ പറയുന്ന പുസ്‌തകത്തിന് തമിഴ്‌നാട് പുരോഗമന കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ അവർഡാണ് ലഭിച്ചത്. യു.എ.ഇയിലെ ഷാർജയിൽ 40 വർഷക്കാലത്തോളം ജീവകാരുണ്യ പ്രവർത്തകനായി ജീവിച്ച അമാനുള്ളയുടെ ഓർമ്മകളാണ് മരുഭൂമിയിലെ മറുജീവിതങ്ങൾ എന്ന പുസ്‌തകം. ആത്മകഥക്കപ്പുറം അപരജീവിത കഥപറയുന്ന വേറിട്ട കൃതിയെന്ന നിലയിൽ ഇതിനകം ശ്രദ്ധേയമായി തീർന്നിട്ടുണ്ട്. അറേബ്യൻ മണലാരണ്യത്തിൽ എത്തിച്ചേർന്ന് പലവിധ ദുരിതങ്ങളും ഏറ്റുവാങ്ങി, മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരികെ പോയവരുടെ കഥ കൂടിയാണിത്. കേരള സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സിൽ രണ്ടാം സെമസ്റ്റർ സെക്കൻഡ് ലാംഗ്വേജിൽ മരുഭൂമിയിലെ മറുജീവിതങ്ങൾ പാഠപുസ്‌തകമാണ്. എട്ടാം ക്ലാസിലെ കേരള പാഠാവലിയിലും ഇതിലെ ഒരദ്ധ്യായം ഷാർജയിലെ പൂച്ചകൾ പാഠഭാഗമാണ്. ഡോ:ദീപേഷ് കരിമ്പുങ്കരയാണ് പുസ്‌തകത്തിന്റെ രചയിതാവ്.
തമിഴിലേക്ക് മൊഴിമാറ്റം നടത്തിയത് സുനിൽ ലാൽ മാഞ്ഞാലുംമൂടും. മലയാളത്തിൽ ചിന്താ ബുക്‌സും തമിഴിൽ ഭാരതി ബുക്ക്സുമാണ് പ്രസാധകർ. ഈ റോഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് സംഘം പ്രസിഡന്റ് മധൂക്കർ രാമലിംഗം അവാർഡ് സമ്മാനിച്ചു. കേരള സർവകലാശാല തമിഴ് വിഭാഗം അദ്ധ്യാപകൻ ഡോ.പി.ജയകുമാറിന്റെ ചിലപ്പതികാരവും കണ്ണകി വഴിപാടും എന്ന ഗ്രന്ഥത്തിന് മികച്ച പഠന ഗ്രന്ഥത്തിനുള്ള അവർഡും ലഭിച്ചു.