ak-antony

അഴിമതിയുടെ കറപുരണ്ട് അനാകർഷകമായി തീരുന്നതാണ് പലപ്പോഴും അധികാരരാഷ്ട്രീയം. അവിടെ വേറിട്ട ജീവിതചിത്രമാണ് എ.കെ.ആന്റണി. സംസ്ഥാന ദേശീയ രാഷ്ട്രീയധാരയിൽ പ്രധാനഭാഗം അഭിനയിക്കാൻ ഇടവന്നു. എന്നിട്ടും സംശുദ്ധമായ വ്യക്തിജീവിതം കാത്തുസൂക്ഷിക്കാനായത് വർത്തമാനകാലാവസ്ഥയിൽ ഒരത്ഭുതമാണ്. 1940 ഡിസംബർ 28നാണ് ആന്റണിയുടെ ജനനം. സജീവമായ വിദ്യാർത്ഥി ജീവിതകാലം. ആലപ്പുഴയിലെ ഒരണ സമരത്തിൽ എം.എ. ജോൺ, വയലാർ രവി എന്നിവർക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് പുതുതലമുറയുടെ നേതൃരംഗത്തെത്തിയത്. പിൽക്കാലത്ത് വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും യുവജന വിഭാഗത്തിന്റെയും അദ്ധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ആകർഷകമായ സംഘടനാപാടവം തെളിയിച്ചു.

അക്കാലത്ത് വിദ്യാർത്ഥി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു എ.കെ.ആന്റണിയുടേത്. കർമ്മോത്സാഹവും സൗമ്യതയും വ്യക്തിബന്ധങ്ങളിൽ സുതാര്യതയും സൂക്ഷിച്ചുകൊണ്ട് അതിവേഗം അദ്ദേഹം സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. പലതലങ്ങളിൽ ക്രിയാത്മകമായ ചുമതലകൾ നിർവഹിച്ചു. കറപുരളാത്ത വ്യക്തിജീവിതവും സ്ഥിരോത്സാഹവും സമർപ്പണബോധവും കൊണ്ടാണ് 1973ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷസ്ഥാനത്തെത്തിയത്. തുടർന്ന് രണ്ടുവട്ടം അവിടെ തുടർന്നു. എന്നാൽ, 1991ൽ നടന്ന കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സഹോദരതുല്യനായ വയലാർ രവിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എ.കെ.ആന്റണിയുടെ പൊതുജീവിതത്തിലെ ഏക പരാജയം അതായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സമർപ്പിതജീവിതത്തെ അതൊരുതരത്തിലും ബാധിച്ചില്ല. അനനുകരീണയമായ വിധത്തിൽ സംഘടനാപ്രവർത്തനം തുടർന്നു. പാർട്ടിയുടെ ജനസ്വീകാര്യത വളർത്തുന്നതിൽ എ.കെ.ആന്റണി വഹിച്ച പങ്ക് അദ്വിതീയമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നിട്ടും കോൺഗ്രസ് പാർട്ടി പാർലമെന്ററി നേതൃനിരയിലേക്ക് കണ്ടെത്തിയത് എ.കെ.ആന്റണിയെയാണ്.

1977ൽ 36ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കാഡിന് അർഹനായി. മൂന്നുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. പല രാഷ്ട്രീയ പ്രതിസന്ധികളും തരണം ചെയ്യേണ്ടിവന്നു. എങ്കിലും ഏറെ പ്രിയങ്കരനായ ജനനേതാവായിരുന്നു അദ്ദേഹം. സഹപ്രവർത്തകരെയും കൂട്ടുമുന്നണിയിലെ ഘടകകക്ഷികളെയും ഒരുമിപ്പിച്ച് നിറുത്തുന്നതിൽ അസാമാന്യ പാടവം പ്രകടിപ്പിച്ചു.

സംസ്ഥാന ഭരണരാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. കേന്ദ്രമന്ത്രിസഭയിൽ സിവിൽ സപ്ലൈസ് മന്ത്രിയെന്ന നിലയിലായിരുന്നു രംഗപ്രവേശം. തുടർന്ന് 2006 മുതൽ 2014 വരെ എട്ടുവർഷം തുടർച്ചയായി പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചു.

എ.കെ.ആന്റണി കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉയർന്ന പ്രായേണ നിസാരങ്ങളായ അഴിമതി ആരോപണങ്ങളിൽ പോലും കറപുരളാതെ അദ്ദേഹം തന്റെ കർമ്മജീവിതത്തിന്റെ സംശുദ്ധി നിലനിറുത്തി. സിവിൽ സപ്ലൈസ് മന്ത്രിയായിരിക്കെ ഉയർന്ന ഷുഗർ സ്കാൻഡൽ നേരിടാൻ രാജി വച്ചൊഴിഞ്ഞ കർമ്മവിശുദ്ധിയും അദ്ദേഹത്തിനുണ്ട്. 2014 വരെ പ്രതിരോധമന്ത്രിയായിരുന്ന ആന്റണി ഏറ്റവും കൂടുതൽ കാലം ആ സ്ഥാനം വഹിച്ച ഭരണാധികാരിയാണ്. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രീതി നിയന്ത്രിച്ചുകൊണ്ട് ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധവച്ച ഭരണാധികാരിയായി അദ്ദേഹം ശോഭിച്ചു.

ഇപ്പോൾ, സജീവരാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ് പ്രത്യേക പദവികൾ വഹിക്കാതെ കഴിയുകയാണ് എ.കെ.ആന്റണി. എന്നാൽ, കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് അദ്ദേഹം സജീവസാന്നിദ്ധ്യമാണ്. സംശുദ്ധമായ ആ പൊതുജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമായി നിലനിൽക്കുന്നു. ഏറ്റെടുത്ത ചുമതലകൾ എപ്പോഴും സമർപ്പണബോധത്തോടെ നിറവേറ്രിയ എ.കെ.ആന്റണി രാഷ്ട്രീയത്തിന്റെ സാംസ്കാരിക മുഖശോഭയാണ്. പിന്തിരിഞ്ഞു നോക്കുമ്പോൾ ഏതുകാലത്തും ആദരണീയമായ സാന്നിദ്ധ്യം. വിദ്യാർത്ഥി നേതാവ്; യുവജന പ്രവർത്തകൻ; സ്വന്തം പാർട്ടിയുടെ ശക്തികേന്ദ്രം. എന്നിട്ടും സൗമ്യമധുരമായ പെരുമാറ്റവും സുതാര്യമായ സൗഹൃദബന്ധങ്ങളും സംശുദ്ധമായ സ്വകാര്യജീവിതവും കൊണ്ട് സമാകർഷകമാണ് ആ രാഷ്ട്രീയ വ്യക്തിത്വം. രാഷ്ട്രീയത്തിൽ ഈ സൗമ്യതയും സ്വഭാവമഹിമയും സാധാരണമല്ല. അതുകൊണ്ടുതന്നെ എ.കെ.ആന്റണി ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്നു. അഴിമതിയുടെ കറപുരളാത്ത വ്യക്തിശോഭ നിലനിറുത്തുന്നു.