d

സമീപകാലത്ത് രാഷ്ട്രത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം. 10 വർഷത്തെ ഭരണംകൊണ്ട്,​ ലോകം കണ്ട പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ടയാളാണെന്ന് അദ്ദേഹം തെളിയിച്ചു. മജീഷ്യനെപ്പോലെയാണ് തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ അദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ സിംഗ് എന്തുപറയുന്നുവെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്.

വ്യക്തിപരമായി അഗാധമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. നല്ല മനുഷ്യർ ധാരാളമുണ്ട്. ഇത്രയും നല്ല മനുഷ്യനുണ്ടോയെന്നാണ് സംശയം. സ്വന്തം ബാഗ് എത്ര ഭാരമുള്ളതാണെങ്കിലും മറ്റുള്ളവരെടുക്കാൻ സമ്മതിക്കില്ല. സഹപ്രവർത്തകരോട് ഇത്രയധികം മാന്യതയും ബഹുമാനവും പുലർത്തുന്ന മറ്റൊരു പ്രധാനമന്ത്രിയില്ല. മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയാക്കണമെന്നത് സോണിയാഗാന്ധിയുടെ ഉറച്ച തീരുമാനമായിരുന്നു. അത് മികച്ചതെന്ന് തെളിയുകയും ചെയ്തു.