ak

എ.കെ. ആന്റണിക്ക്, പിറന്നാൾ ആഘോഷമെന്നാൽ പാർട്ടിയുടെ പിറന്നാളാഘോഷമാണ്. കോൺഗ്രസ് പിറവിയെടുത്ത ഡിസംബർ 28 ന് ജനിച്ച ആന്റണി പിൽക്കാലത്ത് കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവായത് കാലം തീർത്ത വലിയ യാദൃശ്ചികത. 1885 ഡിസംബർ 28 ന് മുംബയിലായിരുന്നു കോൺഗ്രസ് ജന്മംകൊണ്ടത്. 55 വർഷങ്ങൾക്ക് ശേഷം,1940 ഡിസംബർ 28 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അറയ്ക്കപ്പറമ്പിൽ കുര്യൻ-ഏലിക്കുട്ടി ദമ്പതികളുടെ മകനായി എ.കെ. ആന്റണിയും ജനിച്ചു. ബാല്യം വിട്ട് കൗമാരത്തിലേക്ക് കടന്നതോടെ ആന്റണിയുടെ നടത്തം കോൺഗ്രസിന്റെ ഓരം ചേർന്നായി. കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി. കെ.എസ്.യുവിന്റെയും പിന്നീട് യൂത്ത്കോൺഗ്രസിന്റെയും സംസ്ഥാന അദ്ധ്യക്ഷപദവി അലങ്കരിച്ച ശേഷം 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. പിന്നീട് പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും മാറിമാറി അദ്ദേഹം തന്റെ മികവ് തേച്ചുമിനുക്കിക്കൊണ്ടേയിരുന്നു. 1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദവി രാജിവച്ചതോടെ ഏറ്റവും ചെറിയ പ്രായത്തിൽ, 37-ാം വയസിൽ ആന്റണി മുഖ്യമന്ത്രിയുമായി.

അടിയന്തരാവസ്ഥയുടെ കിരാത നാളുകൾക്ക് ശേഷം, ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയോടെ ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ എ ഗ്രൂപ്പ് രൂപീകരിച്ചാണ് അദ്ദേഹം കോൺഗ്രസിന്റെ മുഖ്യധാരയിൽ നിന്നകന്നത്. പിന്നീട് കേരളം കണ്ടത് ഒരു തലയ്ക്കൽ ലീഡർ കെ. കരുണാകരനും മറുതലയ്ക്കൽ എ.കെ. ആന്റണിയും കടിഞ്ഞാൺ പിടിക്കുന്ന രണ്ട് കോൺഗ്രസ് ഗ്രൂപ്പുകളുടെ പടയോട്ടമാണ്. 1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. സംസ്ഥാന, കേന്ദ്രമന്ത്രിസഭകളിൽ പലവട്ടം മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അതിനെല്ലാമുപരിയായി കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ കിംഗ് മേക്കറായി അദ്ദേഹം മാറുന്ന കാഴ്ചയാണ് രാഷ്ട്രീയകേരളം കണ്ടത്.

സൗമ്യതയുടെ പട്ടിൽ പൊതിഞ്ഞ ദൃഢനിശ്ചയമായിരുന്നു ആന്റണി എന്ന ഇരുത്തം വന്ന കോൺഗ്രസ് നേതാവിന്റെ മുഖമുദ്ര. ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് പാർട്ടി ഏതെങ്കിലും പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഉത്തമ ചികിത്സ നിശ്ചയിക്കുന്ന ഭിഷഗ്വരനായി അദ്ദേഹം മാറും. അപ്പോൾ ആ വാക്കുകൾക്ക് മതിക്കാനാവാത്ത വിലയുണ്ടാവും.

ആരോഗ്യ കാരണങ്ങളാലടക്കം ഡൽഹി വിട്ട് അദ്ദേഹം തലസ്ഥാനത്തേക്ക് മടങ്ങിയെങ്കിലും സായാഹ്നങ്ങളിൽ കെ.പി.സി.സി ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ മുറിയിലേക്ക് പല തലമുറകളിലെ നേതാക്കൾ എത്താറുണ്ട്, വിലപ്പെട്ട ഉപദേശങ്ങൾക്കായി.

ഇന്ന് 84-ാം പിറന്നാൾ ദിനത്തിലും എ.കെ. ആന്റണിക്ക് ആഘോഷമില്ല, പാർട്ടിയുടെ ജന്മദിനത്തിൽ തന്നെ ജനിക്കാനായതിൽ അഭിമാനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.