
നെയ്യാറ്റിൻകര: നിന്നുതിരിയാൻ പോലുമാകാത്ത മാരായമുട്ടം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേഷൻ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പ് മുട്ടിയിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർക്കാവുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് കോൺഗ്രസ് നേതാവ് എം.എസ്.അനിലിന്റെ താത്പര്യപ്രകാരമാണ് സ്റ്റേഷൻ സ്ഥാപിതമായത്.
2014ൽ പൊലിസ് സ്റ്റേഷൻ വാടകക്കെട്ടിടത്തിലാണ് ആരംഭിച്ചത്. ഇപ്പോഴും ഇവിടെയാണ് പ്രവർത്തിക്കുന്നത്. പൊലിസ് സ്റ്റേഷൻ വയ്ക്കാൻ മാരായമുട്ടം ജംഗ്ഷനിൽ ഖാദി ബോർഡിന്റെ എണ്ണനിർമ്മാണയൂണിറ്റ് പ്രവർത്തിച്ചിരുന്ന 26 സെന്റ് സ്ഥലമുണ്ട്.
മാരായമുട്ടം ജംഗ്ഷനിലാണ് ഖാദിബോർഡ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ബാദ്ധ്യത തിർത്ത് ഏറ്റെടുക്കാനായി പഞ്ചായത്ത് പ്രമേയം പാസാക്കിയതാണ് പഞ്ചായത്ത് ചെയ്ത ആകെ നടപടി. സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിവാങ്ങി പൊലിസ് സ്റ്റേഷൻ വയ്ക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം.
ഇരിക്കാൻ സ്ഥലമില്ല
ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തുന്നവർക്ക് ഇരിക്കാൻ സ്ഥലമില്ല.
സർക്കാരിന്റെ ഉത്തരവനുസരിച്ച് പരാതിയുമായി വരുന്നവർക്ക് ഫ്രണ്ട് ഓഫീസ് സ്ഥാപിക്കമെന്നാണ്. എന്നാൽ സ്ഥലസൗകര്യമില്ലാത്ത കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ് പോയിട്ട് പരാതിയുമായി എത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പടമില്ല
തൊണ്ടി വാഹനം റോഡിൽ
പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുറ്റം കുറവയാതിനാൽ റോഡിലാണ് പൊലീസ് ജീപ്പ് പാർക്ക് ചെയ്യുന്നത്. തൊണ്ടി വാഹനങ്ങളും ചെറിയ റോഡിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.
ടാർപ്പോളിൻ മറച്ച് വിശ്രമം
റോഡുവക്കിലാണ് പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഏകദേശം 30 പൊലിസുകാർ ഇവിടെ ജോലി ചെയ്യുന്നു. അതിൽ 5 വനിത ഉദ്യോഗസ്ഥരുമുണ്ട്. എല്ലാവർക്കുമായി ഒരു ബാത്ത്റുമാണ് കൊട്ടിടത്തിലുള്ളത്. പരാതി നൽകാൻ വരുന്നവർക്ക് ബാത്ത് റൂമിൽ പോകാനുള്ള സൗകര്യമില്ല. കെട്ടിടം ശോചനീയീവസ്ഥയിലാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇരുക്കുന്നിടത്ത് ബാത്ത്റൂമില്ല. സ്റ്റേഷന്റെ മുകൾ നിലയിൽ ടാർപോളിൽ സ്ഥാപിച്ച വിശ്രമകേന്ദ്രമാണുള്ളത്. താത്കാലികമായി ഒരു ടേബിൾ ഫാൻ മാത്രമേ വെച്ചിട്ടുള്ളൂ.
പ്രതികളെ സൂക്ഷിക്കാൻ സെല്ലില്ല
പ്രതികളെ സൂക്ഷിക്കാൻ സെല്ലില്ലാത്തതിനാൽ ഉദ്ധ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. സംശയകരമായ സാഹചര്യങ്ങളിലോ മറ്റ് കേസുകളിലോ പ്രതികളെ പിടികൂടികൊണ്ടുവന്നാൽ കാവലിരിക്കേണ്ട അവസ്ഥയാണ്. പ്രതിയാണെന്നു തെളിഞ്ഞുകഴിഞ്ഞാൽ കോടതിയിലെത്തിക്കുന്നതിന് മുൻപ് അത്തരക്കാരെ നെയ്യാറ്റിൻകര സ്റ്റേഷനിലാക്കുകയാണ് പതിവ്.