
പ്രകൃതിയിൽ ആകസ്‌മികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്. അത് പൂർത്തിയാക്കുന്നതിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യാദൃച്ഛികത അതിന്റെ പങ്ക് വഹിക്കുന്നു എന്നേയുള്ളൂ. രാജ്യത്തിന്റെ ഭാഗധേയം തിരുത്തിയ ഭരണാധികാരിയായി മാറിയ ഡോ. മൻമോഹൻ സിംഗിനെ ആകസ്‌മികമായി സംഭവിച്ച പ്രതിഭാസമായി വിലയിരുത്തുന്നത് മിന്നുന്നതെല്ലാം പൊന്നാണെന്ന് വിലയിരുത്തുന്നതുപോലെ അസംബന്ധമാണ്. പുറം കാഴ്‌ചകളെ മാത്രം വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തുമ്പോൾ സംഭവിക്കുന്ന വീഴ്ച കൂടിയാണത്. ചിലരുടെ ജീവിതം അവരുടെ വിധിയോടൊപ്പം തന്നെ രാജ്യത്തിന്റെ വിധിയുമായും അഭേദ്യമാം വിധം കെട്ടുപിണഞ്ഞതായിരിക്കും. അങ്ങനെ ഉള്ളവർ അപൂർവമാണ്. അവർ അവരായി മാറുന്നതിനുമുമ്പ് കളിമൺ പരുവത്തിലുള്ള ചെറുപ്രായത്തിൽ തന്നെ പ്രപഞ്ചം അവരെ ഒരു വലിയ ലക്ഷ്യത്തിനായി അനുഭവ പാഠങ്ങളിലൂടെ പരുവപ്പെടുത്തും. ഭാവിയിൽ രാജ്യത്തിന്റെ ദീപശിഖാ വാഹകരാക്കി അവരെ സജ്ജരാക്കുന്നതിനുള്ള ഏതോ ഒരു വലിയ സംവിധായകന്റെ തിരക്കഥയുടെ ഭാഗമാണത്. സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ അത്തരമൊരു തിരക്കഥയിലൂടെ കടന്നുവന്ന ജീവിതമാണ് ഡോ. മൻമോഹൻ സിംഗിന്റേത്.
ലോകത്തെ ഏറ്റവും വലിയ വിരലിലെണ്ണാവുന്ന ധനതത്വ ശാസ്ത്രജ്ഞന്മാരിൽ ഒരാളായി മാറിയതിന് ശേഷമാണ് സാമ്പത്തികമായി ഏറ്റവും അന്തരാള ഘട്ടത്തിലൂടെ ഇന്ത്യ കടന്നുപോയ ദശാസന്ധിയിൽ രാജ്യത്തിന്റെ ധനകാര്യമന്ത്രിയായി 91ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവാൽ നിയോഗിതനായത്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഐ.ജി.പട്ടേലിനെയാണ് റാവു ഈ സ്ഥാനത്തിനായി ആദ്യം മനസിൽ കണ്ടിരുന്നതെന്ന് ഡോ. പി.സി.അലക്‌സാണ്ടർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. അദ്ദേഹം ആ സ്ഥാനം നിരസിച്ചതിനെത്തുടർന്നാണ് ഡോ. മൻമോഹൻ സിംഗിന് നറുക്കുവീണത്. കേന്ദ്രമന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മൻമോഹൻ സിംഗിനെ അന്ന് തിളങ്ങിനിന്നിരുന്ന രാഷ്ട്രീയരംഗത്തെ അതികായർ പോലും അതിശയത്തോടെയാണ് കണ്ടത്. ആ അർത്ഥത്തിൽ അതിനെ ഒരു ആകസ്‌മിക കടന്നുവരവായി വിശേഷിപ്പിക്കാമെങ്കിലും ധനകാര്യമന്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദൃഢത്വമാർന്നതും പൂർവ മാതൃകകളെ പുറന്തള്ളുന്നതുമായ നടപടികൾ ആ സ്ഥാനത്തേക്ക് വന്ന വിധിയുടെ നിയോഗമായിരുന്നു ഡോ. സിംഗ് എന്ന് പിൽക്കാലത്ത് തെളിയിക്കുന്നതായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കം വരെ രാഷ്ട്രീയമായ സംഭവവികാസങ്ങൾക്കും പരിണാമങ്ങൾക്കുമാണ് രാജ്യവും ഭരണാധികാരികളും രാഷ്ട്രീയ കക്ഷികളും ജനങ്ങളും പൊതുവെ മുഖ്യ പരിഗണന നൽകിയിരുന്നത്. അന്തസാരശൂന്യമായ രാഷ്ട്രീയത്തിന് പിന്നാലെയുള്ള ഈ അമിതമായ പാച്ചിൽ രാജ്യത്തെ ധനപരമായി ഒരു ക്ഷയിച്ച തറവാടിന്റെ അവസ്ഥയിൽ എത്തിച്ചിരുന്നു. ആ തറവാടിന്റെ സാമ്പത്തിക കാര്യങ്ങളുടെ കാര്യസ്ഥനായി സിംഗ് വന്നപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നും ലോക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ പണം തിരിച്ചടയ്ക്കാൻ വകയില്ലാത്തതിനാൽ റിസർവ് ബാങ്ക് ഏതാണ്ട് 47 ടൺ സ്വർണമാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ടിലും ബാങ്ക് ഒഫ് ജപ്പാനിലും പണയം വച്ച് മുപ്പത്തിനാലായിരം കോടിയോളം രൂപ സ്വരൂപിച്ചത്.
മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളും ഉദാരവത്കരണ നയങ്ങളും കാരണം ഒരു വർഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഉയരുകയും പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞുവെന്നതും ചരിത്രമാണ്. പക്ഷേ ഈ ചരിത്രം രചിക്കാൻ വ്യക്തിപരവും രാഷ്ട്രീയപരവുമായി നിരവധി കടുത്ത പ്രതിസന്ധികളിലൂടെ അദ്ദേഹത്തിന് സഞ്ചരിക്കേണ്ടിവന്നു. പലപ്പോഴും രാജിക്കത്തെഴുതി പോക്കറ്റിലിട്ടുകൊണ്ടാണ് അദ്ദേഹം ഓഫീസിൽ പോയിരുന്നത്. ജനങ്ങളുടെ താത്‌കാലികമായ കൈയടികൾക്കപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും കാലം ആവശ്യപ്പെടുന്നത് എന്താണ് എന്നതിനാണ് അദ്ദേഹം പ്രാമുഖ്യം നൽകിയിരുന്നത്. സാമ്പത്തിക നവീകരണ പരിപാടികൾക്കൊപ്പം രാജ്യത്തെ പ്രധാന സാമൂഹ്യക്ഷേമ പരിപാടികൾക്കും തുടക്കം കുറിച്ചത് അദ്ദേഹം കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന കാലയളവിലാണ്. മൻമോഹൻ സിംഗ് നടപ്പാക്കിയ സ്വകാര്യവത്‌കരണ, ആഗോളവത്‌കരണ നയങ്ങളാണ് ഇന്ത്യയുടെ അതുവരെയുള്ള ജാതകം തിരുത്തിക്കുറിക്കാൻ ഹേതുവായത്.
ഇന്ത്യൻ രൂപയുടെ മൂല്യം കുറച്ചതാണ് ഏറ്റവും ധീരമായ നടപടി. വൻ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും ഇതിടയാക്കി. എന്നാൽ രാജ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ആഗോള മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്സര്യത്തോടെ പിടിച്ചുനിൽക്കാനും ഇതിടയാക്കി. 1991 ജൂലായ് 24ന് സിംഗ് അവതരിപ്പിച്ച വ്യവസായ നയത്തോടെ ലൈസൻസ് രാജ് തകർന്നുവീഴുകയായിരുന്നു. അതുവരെ ഫാക്ടറിയുടെ വികസനത്തിനും ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനുമൊക്കെ സർക്കാരിന്റെ അഥവാ വികസന വിരോധികളായ ബ്യൂറോക്രാറ്റിക് തമ്പുരാന്മാരുടെ തിട്ടൂരം വേണമായിരുന്നു. അടുത്തതായി അദ്ദേഹം ചെയ്തത് ബാങ്കിംഗ് രംഗത്ത് പുതിയ നയം ആവിഷ്കരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണത്തിന് വിധേയമാകാതെ ബാങ്കുകൾക്ക് വലിയ വായ്‌പകൾ അനുവദിക്കാമെന്നായി. രാജ്യത്തെ ആഭ്യന്തര സാമ്പത്തിക വികസനം സാദ്ധ്യമാക്കിയത് ഈ നടപടികളാണ്.
ഒരു രൂപയുടെ പോലും അഴിമതി ആരോപണം നേരിടാതെ പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻസിംഗ് ഭരിച്ചു എന്നത് മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനായ ഭരണാധികാരിയാക്കുന്നത്. വ്യക്തിപരമായ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതിൽ എന്നും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗം പോലും ധനപരവും രാഷ്ട്രീയവുമായ വിവാദങ്ങളിൽ ഒരിക്കൽ പോലും കഥാപാത്രങ്ങളായിട്ടില്ല എന്നത് ഈ കാലഘട്ടത്തിൽ എടുത്തുപറയേണ്ട പ്രത്യേകത തന്നെയാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ കൊടും പട്ടിണി മാറ്റിയ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ക്രിയാത്‌മകമായ പദ്ധതികളിൽ ഒന്നായ തൊഴിലുറപ്പ് പദ്ധതി അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നടപ്പാക്കിയത്. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കുമല്ലാതെ സർക്കാരിന്റെ പണം ആദ്യമായി പാവപ്പെട്ടവർക്ക് നേരിട്ട് ലഭ്യമാക്കാൻ ഇടയാക്കിയ പദ്ധതിയാണത്. സർക്കാരിന്റെ അകത്തളങ്ങളിൽ എന്തു നടക്കുന്നു എന്നതറിയാൻ സാധാരണ പൗരനെയും അവകാശപ്പെടുത്തിയ വിവരാവകാശ നിയമം നടപ്പാക്കിയതും മൻമോഹൻ സിംഗ് സർക്കാരാണ്. ആധാർ നടപ്പാക്കുന്നതിന് തുടക്കം കുറിക്കാനും കഴിഞ്ഞു. ജി.എസ്.ടി നടപ്പാക്കിയത് മോദി സർക്കാരിന്റെ കാലത്താണെങ്കിലും അതിനുള്ള കളം ഒരുക്കിയത് മൻമോഹൻസിംഗിന്റെ ഭരണകാലയളവിന്റെ അന്ത്യ പാദങ്ങളിലായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമായിരുന്ന മൻമോഹൻസിംഗിന് ഒരു ഉരുക്കുമനുഷ്യന്റെ പ്രതിച്ഛായ ഒരിക്കലും ആരും കൽപ്പിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിലെ മറ്റേതൊരു ഉരുക്കുമനുഷ്യനും കഴിയാതിരുന്ന തരത്തിലുള്ള തിടമാർന്ന നടപടികളാൽ ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുകയും ഭാവിയിലേക്കുള്ള ദിശാസൂചകമായി മാറുകയും ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം.
കേരളകൗമുദിക്കും അദ്ദേഹത്തോട് പ്രത്യേകമായ കടപ്പാടുണ്ട്. കേരളകൗമുദിയുടെ ശതാബ്ദി സമ്മേളനം 2011ൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത് അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗായിരുന്നു. കേരളകൗമുദിയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും വാർത്തകളിൽ പുലർത്തുന്ന സത്യസന്ധതയെക്കുറിച്ചും അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ ഇന്നും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
രാജ്യത്തിന് മഹത്തായ സംഭാവനകൾ ചെയ്ത മഹാനായ ഒരു പുത്രനെയാണ് മൻമോഹൻ സിംഗിന്റെ നിര്യാണത്തോടെ ഭാരതത്തിന് നഷ്ടമായിരിക്കുന്നത്. പഴയ പഞ്ചാബിലെ ഒരു ചെറിയ വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച തന്നെ ഈ പദവികളിലെല്ലാം എത്തിച്ചത് വിദ്യാഭ്യാസമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത് നാളെയുടെ പൗരന്മാർക്ക് മാർഗദീപമാകട്ടെ.