
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത നിർമ്മാണത്തിൽ ത്രികക്ഷി കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തിന് സംസ്ഥാനം കത്തുനൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ്സെക്രട്ടറിയും മന്ത്രി വി. അബ്ദുറഹിമാനുമാണ് കത്തുനൽകിയത്.
റെയിൽവേ-റിസർവ്ബാങ്ക്-കേരളം എന്ന കരാറാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേരളത്തിന്റെ വിഹിതം ഗഡുക്കളായി റെയിൽവേക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷികരാർ. പണം നൽകിയില്ലെങ്കിൽ, വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിൽ കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേക്ക് നൽകും.
പകുതി ചെലവായ 1900.47കോടി കിഫ്ബിയിൽ നിന്ന് നൽകാം. ഇത് കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണം. റെയിൽവേ നിർദ്ദേശിക്കുന്ന ഇരട്ടപ്പാതയ്ക്ക് പകരം ആദ്യഘട്ടത്തിൽ ഒറ്റലൈൻ മതിയെന്നും കത്തിലുണ്ട്. ജനുവരി ആദ്യം അബ്ദുറഹിമാൻ കേന്ദ്രറെയിൽവേ മന്ത്രിയെക്കണ്ട് നിലപാട് നേരിട്ടറിയിക്കും.
ത്രികക്ഷി കരാറൊപ്പിടാൻ കേരളത്തോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോകസഭയിലാണ് വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി വിളിച്ച കളക്ടർമാരുടെ യോഗത്തിൽ കരാർവേണ്ടെന്ന് നിലപാടുമാറ്റി. പദ്ധതിവിഹിതം കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
റെയിൽപാത എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഉപകാരപ്രദമാകുമെന്ന് അശ്വനി വൈഷ്‌ണവിനെ ബോദ്ധ്യപ്പെടുത്തും. ഭാവിയിൽ ഇരട്ടപ്പാത പരിഗണിക്കാമെന്ന ഉറപ്പും നൽകും. പമ്പവരെ നീട്ടണമെന്നാണ് റെയിൽവേയുടെ ആവശ്യം. എന്നാൽ, വനഭൂമിയിലെ പദ്ധതിക്ക് അനുമതി എളുപ്പമല്ലാത്തതിനാൽ ഇപ്പോൾ എരുമേലി വരെ ഒറ്റപ്പാതയാണ് ഉത്തമമെന്നും വാദിക്കും.
ഭൂമിയേറ്റെടുക്കൽ ഇതുവരെ
പദ്ധതിമരവിപ്പിച്ച 2019ലെ റെയിൽവേ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഭൂമിയേറ്റെടുക്കലടക്കം തുടർനടപടികളില്ല
 ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ രണ്ട് വില്ലേജുകളിലും ഭൂമിയേറ്റെടുപ്പിന് കല്ലിട്ട് തിരിച്ചു
 എറണാകുളത്ത് ശബരിപാതയ്ക്കായി കല്ലിട്ടു തിരിച്ച സ്ഥലമേറ്റെടുക്കാൻ സാമൂഹ്യാഘാത പഠനം പൂർത്തിയായി
കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന ശബരിറെയിൽ പദ്ധതി വേഗം നടപ്പാക്കണം
-പിണറായിവിജയൻ,
മുഖ്യമന്ത്രി