വർക്കല: വിനോദസഞ്ചാര മേഖലയായ വർക്കലയിലും സമീപ പഞ്ചായത്തുകളിലും ലഹരി വില്പനയും ഉപയോഗവും വർദ്ധിക്കുന്നതായി പരാതി. അന്യസംസ്ഥാന സഞ്ചാരികളെ ലക്ഷ്യമിട്ട് ലഹരി വില്പനക്കാർ സജീവമാണ്. എം.ഡി.എം.എ പോലുള്ള ലഹരിവസ്തുളുടെ കടത്തലും ഉപയോഗവും വർദ്ധിച്ചിട്ടും
പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നുള്ള നടപടികൾ ഫലം കാണുന്നില്ല. ചില്ലറ വില്പനക്കാരെ മാത്രം പിടികൂടാൻ കഴിയുന്നതും ഇനി അഥവാ പിടികൂടിയാൽ ഉപയോഗത്തിനായി കഞ്ചാവ് ബീഡികൾ കൈയിൽ കരുതുന്നവരെയുമാണ് സമീപകാല പൊലീസ്, എക്സൈസ് റെക്കാഡുകളിലുള്ളത്.
ഉറവിടം കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ വിവരശേഖരണങ്ങൾ നടത്തുന്നതിനും കഴിഞ്ഞാലെ ലഹരിയുടെ ലഭ്യത തടയാൻ കഴിയൂ.
സ്കൂൾ പരിസരങ്ങൾ
ലഹരി കേന്ദ്രങ്ങൾ
ഇലകമൺ ഗ്രാമപഞ്ചായത്തിലെയും വർക്കലയിലെയും പ്രധാന സർക്കാർ സ്കൂൾ പരിസരം ലഹരി വില്പനക്കാർ കൈയടക്കിയിട്ട് കാലങ്ങളായി. യുവതലമുറയെ ലഹരിയുടെ അടിമകളാക്കുമ്പോഴും അദ്ധ്യാപകരും നാട്ടുകാരും വായ്പൊത്തേണ്ട ഗതികേടിലാണ്.
പിടിയിലാകുന്നത് പരൽമീനുകൾ
തിരുവമ്പാടി, പാപനാശം മേഖലകളിൽ ഭക്ഷണശാലകളിലും റിസോർട്ടുകളിലും ലഹരിയെത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ പലരും പൊലീസിനും എക്സൈസിനും രഹസ്യവിവരങ്ങൾ കൈമാറുന്നവരും അധികാരകേന്ദ്രങ്ങളിൽ പിടിപാടുകളുള്ളവരുമാണ് എന്നതാണ് വിരോധാഭാസം. ലഹരി സംഘങ്ങൾക്കിടയിലെ ശത്രുതയിൽ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് മൂലം പിടിയിലാകുന്ന പരൽമീനുകളെയല്ലാതെ വമ്പൻ സ്രാവുകൾ പിടിയിലാകുന്നില്ല. പുതുവർഷ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം തടയുന്നതിന് പൊലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ലഹരി സുലഭം
ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം,മാന്തറ,കാപ്പിൽ എന്നിവിടങ്ങളിലും ഇലകമൺ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറ, ഹരിഹരപുരം എന്നിവിടങ്ങളിലും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂർ,പനയറ, പാളയംകുന്ന് ഭാഗങ്ങളിലും ലഹരി വില്പന സംഘങ്ങൾ സജീവമാണ്. ചെറുന്നിയൂർ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സുലഭമാണ്.
ജീവനെടുക്കുന്ന ലഹരി
വെട്ടൂരിൽ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ച ഗൃഹനാഥനെ ക്രിസ്മസ് രാത്രിയിൽ അഞ്ചംഗ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഉൾപ്പെടെ ലഹരിയുടെ ഉപയോഗം സമൂഹത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. താലൂക്ക് ആശുപത്രി പരിസരത്തും സമീപകാലത്തുണ്ടായ ആക്രമണങ്ങളിൽ ഒട്ടുമിക്കവയും ലഹരിയുടെ ഉപയോഗം മൂലമാണ്. ബീച്ചുകൾ കേന്ദ്രീകരിച്ചുണ്ടാവുന്ന അടിപിടിക്കേസുകളിൽ മിക്കവയിലും ലഹരിയാണ് കാരണം.
ഒരു പരിധിക്കപ്പുറത്തേക്ക് പരിശോധനകൾ പോകേണ്ടതില്ലെന്ന ഉന്നത അധികാര കേന്ദ്രങ്ങളിലെ നിലപാടുകൾ പൊലീസിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ലഹരി ഉപയോഗത്തിന്റെ തോത് വർദ്ധിക്കുന്നത് ശക്തമായി തടയേണ്ടതാണ്.
അഡ്വ.ആർ.അനിൽകുമാർ,
വർക്കല നഗരസഭ കൗൺസിലർ