a

വിദ്യാഭ്യാസ മേഖലയത്തിൽ ഇത് പരിഷ്കാരങ്ങളുടെ കാലമാണ്. കലാലയങ്ങളിൽ മാത്രമല്ല എൽ.പി, യു.പി, ഹയർ സെക്കൻഡറി തലങ്ങളിലും ഓരോ വർഷവും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. പാസ് മാർക്ക് ലഭിച്ചാലേ ക്ലാസ് കയറ്റം ആകാവൂ എന്ന് വിദ്യാഭ്യാസ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഓൾ പാസ് സമ്പ്രദായം ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലേ ഇനി പ്രാബല്യത്തിലുള്ളൂ. ബിരുദ - ബിരുദാനന്തര കോഴ്സുകളുടെ ഘടനയും പരീക്ഷാസമ്പ്രദായവുമൊക്കെ മാറിക്കൊണ്ടിരിക്കുന്നു. നാലു വർഷ ബിരുദം രാജ്യവ്യാപകമായിക്കഴിഞ്ഞു. ഗവേഷണത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കു സഹായകമായ വിധത്തിൽ കോഴ്സുകളും പരീക്ഷകളും എല്ലാ സംസ്ഥാനങ്ങളിലും നടപ്പായിക്കഴിഞ്ഞു. മാറ്റങ്ങളുടെ കാര്യത്തിൽ താരതമ്യേന പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലും സാവധാനത്തിലാണെങ്കിലും ഈ രംഗത്ത് ആശാവഹമായ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾക്കൊപ്പം നീങ്ങണമെങ്കിൽ ബിരുദ ബിരുദാനന്തര കോഴ്സുകളും പരീക്ഷാ രീതികളും പരിഷ്ക്കരിച്ചേ മതിയാവൂ എന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നവ‌ർക്കും ബോദ്ധ്യമായിട്ടുണ്ട്.

ഇത്തരത്തിലൊരു മാറ്റത്തിന്റെ ഭാഗമാണ് പി.ജി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനി‌ർണ്ണയത്തിന് കേരള സർവകലാശാല കൊണ്ടുവരാനുദ്ദേശിക്കുന്ന പരിഷ്കാരം. കുട്ടികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലാക്കി അദ്ധ്യാപകർ ഓൺ സ്ക്രീനിൽ മൂല്യനിർണ്ണയം നടത്തുന്ന രീതിയാണിത്. ഈ ഒരു മാറ്റം വഴി ഒട്ടേറെയാണ് ഗുണം. പരീക്ഷാഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഉത്തരക്കടലാസുകൾ കെട്ടിപ്പൊതിഞ്ഞ് അദ്ധ്യാപകരുടെ വീടുകളിലെത്തിച്ചോ ക്യാമ്പുകളിൽ വച്ചോ മൂല്യനിർണ്ണയം നടത്തുന്ന മാമൂൽ സമ്പ്രദായത്തിന് അറുതിയാകുമ്പോൾ പലതാണ് നേട്ടം. ഉത്തരക്കടലാസ് വഴിയിൽ നഷ്ടപ്പെടുന്നതുമൂലം കുട്ടികൾക്കും സർവകലാശാലയ്ക്കും ഉണ്ടാകുന്ന ചേതം ചില്ലറയൊന്നുമല്ല. സർവകലാശാലയിൽ തിരിച്ചെത്താത്ത ഉത്തരക്കടലാസുകൾ പലപ്പോഴും വൻ വിവാദങ്ങൾക്കും കാരണമാകാറുണ്ട്. നന്നായി പരീക്ഷ എഴുതിയ കുട്ടികളാകും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏറെ വിഷമിക്കുന്നത്.

പി.ജി. പരീക്ഷകൾക്ക് ഇരട്ട മൂല്യനിർണ്ണയമാണുള്ളത്. വാല്യുവേഷൻ കമ്പ്യൂട്ടറിലൂടെയാകുമ്പോൾ രണ്ട് അദ്ധ്യാപകർക്ക് ഒരേസമയം അത് സാദ്ധ്യമാകും. മാർക്കു വ്യത്യാസം ഇരുപതിലധികമാണെങ്കിൽ മൂന്നാമതൊരാളെ മൂല്യനിർണ്ണയം ഏല്പിക്കാം. നിലവിൽ ഉത്തരക്കടലാസുകൾ സർവകലാശാലയിൽ മടങ്ങിയെത്തിയശേഷമേ രണ്ടാം മൂല്യനി‌ർണ്ണയം സാദ്ധ്യമാകൂ. കമ്പ്യൂട്ടറിൽ പേപ്പർ പരിശോധന നടന്നാൽ ഇതൊന്നും വേണ്ടിവരില്ല. വിലപ്പെട്ട സമയം ലാഭിക്കാറുണ്ട്. മാത്രമല്ല പരീക്ഷാ ഫലത്തിനായി മാസങ്ങളോളമുള്ള കാത്തിരിപ്പും ഒഴിവാക്കാനാകും.

കേരള സർവകലാശാല ഇക്കഴിഞ്ഞ എം.സി.എ. പരീക്ഷാ മൂല്യനിർണ്ണയം കമ്പ്യൂട്ടർ വഴിയാണ് നടത്തിയത്. ഇതു വിജയമാണെന്നു ബോദ്ധ്യപ്പെട്ടതോടെയാണ് പി.ജി. പരീക്ഷകളുടെ മൂല്യനിർണ്ണയം പൂർണ്ണമായും കമ്പ്യൂട്ടർ വഴിയാക്കാനുള്ള തീരുമാനമെടുത്തത്. മാർക്കിടുന്ന ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നേരിൽ കാണാൻ സാധിക്കുമെന്നതും നേട്ടമാണ്. ഉത്തരക്കടലാസുകൾ അദ്ധ്യാപകർക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടിവരുന്ന ചെലവ് ഒഴിവാക്കാമെന്നതാണ് ഈ പരിഷ്കാരം കൊണ്ടു ലഭിക്കുന്ന മറ്റൊരു ലാഭം. പി.ജി. പരീക്ഷകൾക്കു പിന്നാലെ ബിരുദ പരീക്ഷയുടെ മൂല്യനിർണ്ണയത്തിനും കമ്പ്യൂട്ടറധിഷ്ഠിത പരിഷ്കാരം കൊണ്ടുവരാൻ സർവകലാശാല ആലോചിക്കുന്നുണ്ട്. ഡിജിറ്റൽ മേഖലയിൽ അത്ഭുതാവഹമായ മാറ്റങ്ങൾ അനുദിനം വന്നുകൊണ്ടിരിക്കെ ഇതൊന്നും വലിയ സംഭവമൊന്നുമല്ല. മാറ്റം പ്രയോഗതലത്തിലെത്തിക്കാനുള്ള നിശ്ചയദാർഢ്യമാണ് വേണ്ടത്.