
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾകലോത്സവ സ്വാഗതഗാനത്തിന് ജന്മമേകിയത് കോഴിക്കോട് നാദാപുരത്തിനടുത്തെ തൂണേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്ര മേൽശാന്തി ശ്രീനിവാസൻ തൂണേരിയുടെ തൂലിക.
കേരളത്തിന്റെ സാംസ്കാരികത്തനിമയും നവോത്ഥാനകാലവുമെല്ലാം ഉൾക്കൊള്ളിച്ച 20 വരികളാണ് ഈ 46 കാരൻ ഒരുക്കിയിട്ടുള്ളത്. ഒൻപതര മിനിട്ട് ദൈർഘ്യമുള്ള ഗാനത്തിന്റെ സംഗീത സംവിധാനം കാവാലം ശ്രീകുമാറാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കവിതാരചനയിൽ മൂന്ന് തവണ ഒന്നാംസ്ഥാനവും ഒരുതവണ രണ്ടാംസ്ഥാനവും നേടിയിട്ടുള്ള ശ്രീനിവാസൻ തൂണേരി ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദധാരിയാണ്. മൗനത്തിന്റെ സുവിശേഷം, ഇൻജുറി ടൈം എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ ഗവർണേഴ്സ് എക്സലൻസി കവിതാ പുരസ്കാരം, തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്കാരം, അങ്കണം സാംസ്കാരിക വേദി ടി.വി കൊച്ചുബാവ സ്മാരക കവിതാപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തൂണേരി ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:സ്മിത. സ്കൂൾ വിദ്യാർത്ഥികളായ നീഹാര, അഗ്നിവേശ് എന്നിവർ മക്കൾ.
നൃത്താവിഷ്കാരത്തിന്
കലാമണ്ഡലം ടീം
സ്വാഗതഗാനത്തിന് കലാമണ്ഡലം ടീം നൃത്താവിഷ്‌കാരമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കലാമണ്ഡലത്തിൽ നിന്നുള്ളവരും സ്‌കൂൾകുട്ടികളുമുൾപ്പെടെ 33 പേർ നൃത്തസംഘത്തിലുണ്ടാകും. തനത് കലാരൂപങ്ങളും അരങ്ങിലെത്തും. കലാമണ്ഡലം നർത്തകർ പരിശീലനം നൽകും.
സംസ്ഥാന സ്കൂൾ കലോത്സവം:
അണിയറ ഒരുക്കങ്ങളായി
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അണിയറ ഒരുക്കങ്ങളായി. ഇന്നലെ ശിക്ഷക് സദനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽകമ്മിറ്റി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
25 വേദികളിലായി 249 ഇനത്തിലാണ് മത്സരങ്ങൾ.
16 (ശിശുക്ഷേമസമിതി), 17 (മോഡൽ എച്ച് എസ്.എസ് തൈക്കാട്) വേദികളിൽ അറബിക് കലോത്സവവും 14 (ഭാരത് ഭവൻ) 18, 23, 24 വേദികളിൽ (മോഡൽ എൽ.പി.എസ് തൈക്കാട്) സംസ്കൃതോത്സവവും നടക്കും. രചനാ മത്സരങ്ങളും തൈക്കാട് മോഡൽ എച്ച്.എസ്.എസിലാണ്.
പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്. പുത്തരിക്കണ്ടത്ത് പ്രവർത്തിക്കുന്ന ഭക്ഷണശാലയിലേക്ക് എല്ലാ വേദികളിൽനിന്നും ബസ് സൗകര്യമുണ്ടായിരിക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിധികർത്താക്കൾക്കും സംഘാടകർക്കും അതത് വേദികളിൽ ഭക്ഷണമെത്തിക്കും.
നഗരപരിധിയിലെ മുഴുവൻ സ്കൂളുകളുടെയും ബസുകൾ കലോത്സവത്തിനായി എറ്റെടുത്തിട്ടുണ്ട്. മത്സരാർത്ഥികൾക്കും എസ്കോർട്ടിംഗ് ടീച്ചേഴ്സിനും 30 സ്കൂളുകളിൽ താമസ സൗകര്യമൊരുക്കും.