
ആദർശത്തിന് എ.കെ. ആന്റണി എന്നു കൂടി ഒരു പര്യായപദമുണ്ടായത് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല. ഒരു മനുഷ്യായുസ് നീണ്ട പൊതുപ്രവർത്തനത്തിന്റെ കറ പുരളാത്ത മഹിമ കൊണ്ടു തന്നെയാണ്. ആ ആദർശമഹിമ ആയിരം പൂർണചന്ദ്രൻമാരെ കണ്ട് ജീവിതത്തിന്റെ അസുലഭവും അർത്ഥപൂർണവുമായ ഒരു അദ്ധ്യായം പൂർത്തിയാക്കുകയാണ് ഇന്ന്. ആധുനിക കേരളം കണ്ട ആദർശശുദ്ധിക്ക് ശതാഭിഷേകം.
കെ.പി.സി.സിക്ക് പല പ്രസിഡന്റുമാരുണ്ടായിട്ടുണ്ടെങ്കിലും ഇന്നും പലരും പ്രസിഡന്റെന്നു വിളിക്കുന്ന ഒരു നേതാവ് മാത്രമേ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളൂ. അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന സാക്ഷാൽ എ.കെ ആന്റണി. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും എ.കെ എന്ന രണ്ടക്ഷരം സൂചിപ്പിക്കുന്നത് ആന്റണിയെന്ന നേതാവിനെ മാത്രമാണ്.
ഒരു കാലത്ത് കേരളത്തിലെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ ആവേശഭരിതനാക്കി മുന്നോട്ടു നയിച്ച നേതാവായിരുന്നു ആന്റണി. അദ്ദേഹത്തിന്റെ ആദർശ നിഷ്ഠയും നേതൃപാടവും ജനകീയ സ്വാധീനവുമൊക്കെ മാതൃകയായി കണ്ട് രാഷ്ട്രീയത്തിലെത്തിയവരാണ് എന്റെ തലമുറ. 84 ന്റെ നിറവിലെത്തിയപ്പോഴും യുവത്വത്തിന്റെ വീര്യമാണ് അദ്ദേഹത്തിന്റെ സിരകളിലോടുന്നത്. ഒരണ സമരത്തിൽ തുടങ്ങി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അവകാശ പോരാട്ടങ്ങളിൽ തിളങ്ങി, ചാരായ നിരോധനത്തിലൂടെ കേരളത്തിലെ പാവപ്പെട്ടവരുടെ കുടുംബങ്ങളിൽ സമാധാനം അരക്കിട്ടുറപ്പിക്കുന്നതിൽവരെ അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരള ചരിത്രത്തിൽ എല്ലാ കാലത്തും അടയാളപ്പെടുത്തപ്പെടും. കേരളം ദേശീയ രാഷ്ട്രീയത്തിനു നൽകിയ അമൂല്യ വ്യക്തിത്വമാണ് എ.കെ. ആന്റണി. വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും അങ്ങേയറ്റം വിശുദ്ധിയും സത്യസന്ധതയും പുലർത്തിയ ആന്റണി മലയാളികളുടെ സ്വകാര്യ അഭിമാനം കൂടിയാണ്.
ശാരീരികമായ അവശതകൾ ഒരു പക്ഷേ അദ്ദേഹത്തിന്റെ വേഗം കുറച്ചേക്കാം. പക്ഷേ, ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ, പൊതുപ്രവർത്തന പരിചയം കോൺഗ്രസ് പ്രസ്ഥാനത്തിനാകെ പ്രചോദനവും പ്രതീക്ഷയുമാണ്.
ആന്റണി ഇപ്പോഴും പാർട്ടിയുടെ പ്രവർത്തക സമിതി അംഗമാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളുമാണ്. അതുകൊണ്ടു തന്നെ ആന്റണിയുടെ വാക്കുകൾ ഇപ്പോഴും പാർട്ടിയുടെ ശക്തിദുർഗമാണ്. കേരളത്തിലും ദേശീയ രാഷ്ട്രീയത്തിലും ആന്റണിക്കു പകരം വെക്കാൻ ആന്റണി മാത്രമേയുള്ളൂ. ആയിരം പൂർണ ചന്ദ്രന്മാരുടെ ജീവിത സായൂജ്യമണയുന്ന പ്രിയങ്കരനായ നേതാവിന് ആയുരാരോഗ്യ സൗഖ്യങ്ങളും മംഗളങ്ങളും നേരുന്നു.
(കോൺഗ്രസ് പ്രവർത്തക സമിതി അംഗം)