
തിരുവനന്തപുരം: വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് നൽകാൻ വനം വകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. പരിഹാര നിർദ്ദേശങ്ങളും നൽകണം. പരാതികൾ നൽകാനുള്ള അവസാന തീയതി 31 ആണ്. തീയതി നീട്ടുന്നകാര്യം പരിഗണിക്കുന്നുണ്ട്. 29ന് ശേഷം ഇതിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ഭേദഗതി ബില്ലിലെ വിവാദമായ ചില വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്. അതേസമയം, ജനുവരിയിൽ തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനിടയില്ല. ബില്ലിനെതിരെ പ്രതിപക്ഷവും ഭരണപക്ഷത്തെ കേരള കോൺഗ്രസ് എമ്മും സിറോ മലബാർ സഭയും കടുത്ത എതിർപ്പുന്നയിച്ച സാഹചര്യത്തിൽ തിടുക്കത്തിൽ വേണ്ടെന്ന നിലപാടിലാണ് സർക്കാരെന്ന് സൂചനയുണ്ട്.
കരട് ബില്ലിലെ പരാതികളും നിർദ്ദേശങ്ങളും അടക്കം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരുത്തൽ വരുത്തിയതിന് ശേഷം നിയമസഭയുടെ പരിഗണനയ്ക്ക് വിട്ടാൽ മതിയെന്നാണ് വനംവകുപ്പിന്റെ നിലപാട്. അതേസമയം, പ്രതിഷേധവുമായി രംഗത്തുള്ള കർഷക സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയേക്കും.
ജൈവമാലിന്യ സംസ്കരണം;
സർവേ ജനുവരി ആറ് മുതൽ
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണം ആരംഭിക്കുന്നു. ജനുവരി ആറ് മുതൽ 12 വരെയാണ് സർവേ. ഉറവിട മാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങി ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി. ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
സർവേയ്ക്കായി ഓരോ വാർഡിലും മൂന്ന് വരെ ടീമുകളെ നിയോഗിക്കും. 35,000ലേറെ ഹരിതകർമ സേനാംഗങ്ങളും പങ്കാളികളാകും.
രണ്ട് എസ്.ഐമാരുടെ
സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയുടെ പിതാവിന്റെയും കടയുടമകളുടെയും സാമ്പത്തിക സഹായത്തോടെ ഗുരുവായൂർ എസ്.എച്ച്.ഒയുടെ മുറിയിൽ എ.സി സ്ഥാപിച്ചതിന് നടപടി നേരിട്ട രണ്ട് എസ്.ഐമാരുടെ സസ്പെൻഷൻ പിൻവലിച്ചു. ഗ്രേഡ് എസ്.ഐ പി.പി. വിൻസെന്റ്, എസ്.ഐ പി.എ. അബ്ദുൾ റഹ്മാൻ എന്നിവരുടെ സസ്പെൻഷനാണ് റദ്ദാക്കിയത്.
ഗുരുവായൂർ സ്റ്രേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയുടെ പിതാവിൽ നിന്ന് പണം വാങ്ങിയാണ് എ.സി വച്ചത്. ഇത് സേനയുടെ നിഷ്പക്ഷ നീതിനിർവഹണത്തെ സംശയത്തിലാക്കുന്നതാണെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തിരുന്നത്. വകുപ്പുതല അന്വേഷണത്തിനു ശേഷം പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് എസ്.ഐമാരെ തിരിച്ചെടുത്തത്.