തിരുവനന്തപുരം: കിഴക്കേകോട്ടയിലെ റോഡിലിറങ്ങിയാൽ ഒറ്റക്കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഏതുനിമിഷവും ഏതു വശത്തുനിന്നും വാഹനം നമുക്കുനേരെ ചീറിപ്പാഞ്ഞെത്താം. നടുറോഡിൽ നിറുത്തിയിടുന്ന ബസുകൾക്ക് മുന്നിലായി റോഡ് ക്രോസ് ചെയ്യാൻ ആളുകൾ തിങ്ങിനിൽക്കും. ഇരുവശങ്ങളിലുമുള്ള ഇടുങ്ങിയ ഗ്യാപ്പുകളിലൂടെ ഓവർടേക്ക് ചെയ്യാൻ വാഹനങ്ങൾ മത്സരിക്കും. സ്കൂൾ-ഓഫീസ് സമയങ്ങളിൽ ജീവൻ കയ്യിൽ പിടിച്ചാണ് വാഹനമോടിക്കുന്നതെന്ന് ചിലർ പറയുന്നു. ഇതാണ് കിഴക്കേകോട്ടയിലെ അവസ്ഥ.

രണ്ടുബസുകൾക്ക് ഇടയിൽ പെട്ട് ബാങ്ക് ജീവനക്കാരൻ ദാരുണമായി മരിച്ചിട്ട് ഒരുമാസം തികയുന്നതിന് മുമ്പേ കിഴക്കേകോട്ടയിൽ കാര്യങ്ങൾ പഴയപടി തന്നെ. ബസുകൾ അശ്രദ്ധമായി ഓടിച്ചതിന് ഡ്രൈവർമാർക്കെതിരെ കേസെടുത്തെങ്കിലും ഗതാഗത ക്രമീകരണങ്ങൾ ഫലപ്രദമല്ല.

 അപകടക്കെണി

സീബ്രാ ക്രോസിംഗിലും നടപ്പാതയിലുമാണ് വാഹന പാർക്കിംഗ്. കിട്ടുന്നവഴിയിലൂടെ വാഹനങ്ങൾ പായുമ്പോൾ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും ഫോൺ വിളിച്ച് റോഡ് ക്രോസ് ചെയ്യുന്നതും പ്രശ്നം ഇരട്ടിപ്പിക്കുന്നു. സിഗ്നൽ മാറിയ ഉടൻ ശ്രദ്ധിക്കാതെ വാഹനങ്ങൾ മുന്നോട്ടെടുക്കുന്നത് പതിവാണ്. ഇതുതന്നെയാണ് ബാങ്ക് ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയത്. ഗതാഗതനിയന്ത്രണത്തിന് ട്രാഫിക്ക് വാർഡൻ ഉണ്ടെങ്കിലും കാര്യക്ഷമമല്ല. നടുറോഡിലാണ് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ബസിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നിൽ നിന്നുവരുന്ന വാഹനം ഇടിക്കാനും സാദ്ധ്യതയുണ്ട്.

സൗകര്യങ്ങളുണ്ട്, പക്ഷെ

കിഴക്കേകോട്ടയിൽ ഗാന്ധിപാർക്കിന് മുന്നിലുള്ള ഫു‌ട് ഓവർ ബ്രിഡ്ജ് ഇപ്പോഴും നോക്കുകുത്തിയാണ്. രണ്ട് ലിഫ്റ്റ്, നാലു കവാടങ്ങൾ, 36 ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് 2022ൽ ഇത് നിർമ്മിച്ചതെങ്കിലും ഉപയോഗിക്കാൻ ആർക്കും താത്പര്യമില്ല. ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാനും റോഡ് മുറിച്ച് കടക്കുന്നത് തടയാനും പൊലീസ് സ്ഥാപിച്ച ബാരിക്കേട് ചാടിക്കടന്നാണ് റോഡ് ക്രോസ് ചെയ്യുന്നത്.

 എങ്ങോട്ട് പോകും...

കിഴക്കേകോട്ടയിലേക്ക് വരുന്ന ഭാഗത്ത് വലതുവശത്ത് യു-ടേൺ അനുവദനീയമല്ല. ഇത് പാലിക്കാത്തത് എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും എങ്ങോട്ട് തിരിയണമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.