d

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനശ്വര വിപ്ലവകാരികളുടെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനായി ജീവിതം മാറ്റിവച്ച മനുഷ്യസ്നേഹിയായ ചരിത്രകാരനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. നന്ദിയോട് രാമചന്ദ്രൻ. തിരുവനന്തപുരം നന്ദിയോട് ഗ്രാമത്തിൽ 1930ലാണ് ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനി നന്ദിയോട് പി.കുഞ്ഞുകൃഷ്ണന്റെയും കെ.ചെല്ലമ്മയുടെയും മകനാണ്.സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വിപ്ലവകാരികളുടെ ജീവിത സമര ചരിത്ര പാഠങ്ങൾ അവതരിപ്പിച്ച് മണിക്കൂറുകൾ നീണ്ട ക്ലാസുകൾ അദ്ദേഹം എടുക്കുമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ഭഗത്സിംഗിന്റെ നാടായ പഞ്ചാബ് പലവട്ടം അദ്ദേഹം സന്ദർശിച്ചു. ഭഗത്സിംഗിന്റെ സഹോദരി,അനന്തിരവൻ കുൽത്താർസിംഗ് എന്നിവരുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു.
1950 ൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥാപിച്ച വേളയിൽ ആദ്യത്തെ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് എസ്.എൻ കോളേജിൽ ഹിന്ദി അദ്ധ്യാപകനായി. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് 1986 -ലാന് അദ്ദേഹം വിരമിച്ചത്.
1998 -ൽ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മവാർഷികാചരണം വിപുലമായി സംഘടിപ്പിക്കാനായി ആരംഭിച്ച നേതാജി അനുസ്മരണസമിതിയുടെ ചെയർമാനായിരുന്നു.എല്ലാ സാമൂഹിക സംസ്കാരിക മുന്നേറ്റങ്ങളിലും പങ്കാളിയായിരുന്നു.ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട മിക്ക ജനകീയ സമര പരിപാടികളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. വട്ടിയൂർക്കാവ് അറപ്പുര വി.എ.ആർ.എ ലെയ്ൻ കല്യാണിലായിരുന്നു ഏറെ നാളായി താമസം.