
ശർക്കര കുടത്തിൽ കൈയിട്ടാൽ നക്കാത്ത ആരുണ്ടിവിടെ എന്ന് ഒരു ചടങ്ങിനിടയിൽ ഒരാൾ ചോദിച്ചപ്പോൾ 'ഞാനുണ്ടിവിടെ' എന്ന് ധൈര്യസമേതം പറഞ്ഞ് കേരളത്തിന്റെ ആദ്യ ലക്ഷണമൊത്ത നോവലിന്റെ കർത്താവായ ഒ. ചന്തുമേനോൻ കൈപൊക്കിയതായി ഒരു കഥ കേട്ടിട്ടുണ്ട്. എഴുത്തുകാരൻ എന്നതിനൊപ്പം സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഒയ്യാരത്ത് ചന്തുമേനോൻ. രാഷ്ട്രീയ മണ്ഡലത്തിന്റെ നേർക്ക് ഇങ്ങനെ ഒരു ചോദ്യമുയർന്നാൽ ധൈര്യപൂർവം പറയാൻ പറ്റുന്ന ഒരു പേരാണ് എ.കെ. ആന്റണിയുടേത്. ധനത്തിന്റെ അപ്രമാദിത്വം അരങ്ങ് വാഴുന്ന ഇക്കാലത്ത് ഇതൊരു ചെറിയ കാര്യമേ അല്ല. പണത്തിനപ്പുറം രാജ്യവും ജനക്ഷേമവും മുഖ്യമാണെന്ന് അർപ്പണ ബോധത്തോടെ കരുതുന്ന ഒരു പുതിയ രാഷ്ട്രീയ തലമുറ ഇവിടെ വളർന്ന് വരികയാണെങ്കിൽ അവർക്ക് എന്നെന്നും സ്വീകരിക്കാവുന്ന ഒരു പാഠപുസ്തകമാണ് എ.കെ. ആന്റണി. കെ.എസ്.യു.വിൽ അംഗമായ അന്നു മുതൽ ഇന്നുവരെ അദ്ദേഹത്തിൽ അചഞ്ചലമായി നിലകൊള്ളുന്ന ചില മൂല്യങ്ങളുണ്ട്. അഴിമതിരഹിതവും നിസ്വാർത്ഥവുമായ പൊതുജീവിതം എന്നതാണ് അതിൽ ഏറ്റവും എടുത്ത് പറയേണ്ട വിശ്വാസപ്രമാണം. വർഷങ്ങൾ കഴിഞ്ഞിട്ടും അതിനൊന്നും ഒരിഞ്ചുപോലും ഇളക്കം തട്ടിയിട്ടില്ലെന്ന് മാത്രമല്ല കാലപ്രവാഹത്തിന്റെ തഴുകലിൽ ശോഭ കൂടിയിട്ടേ ഉള്ളൂ. ഇന്ന് ഡിസംബർ 28 കോൺഗ്രസ്സിന്റെ ജന്മദിനമാണ്. എ.കെ. ആന്റണിയുടേതും. ആലങ്കാരികമായി പറഞ്ഞാൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട എൺപത്തിനാലാം പിറന്നാളിന്റെ നിറവിൽ.
''എനിക്കെന്ത് ജന്മദിനം. ഇതൊന്നും ആഘോഷിക്കുന്ന പതിവ് എനിക്കില്ലല്ലോ. കുട്ടിക്കാലം മുതലേ ജന്മദിന ആഘോഷങ്ങളോടൊന്നും താല്പര്യമില്ല. ഡൽഹിയിലായിരുന്ന സമയത്ത് എ.ഐ.സി.സി. ആസ്ഥാനത്ത് പാർട്ടി ജന്മദിനം ആഘോഷിക്കുമ്പോൾ രാഹുൽഗാന്ധി എന്നെക്കൊണ്ടും നിർബന്ധിച്ച് കേക്ക് മുറിക്കുമായിരുന്നു. കേരളത്തിലായതിനാൽ ഇത്തവണ ഇന്ദിര ഭവനിൽ പാർട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും'' - ഇതായിരുന്നു പിറന്നാൾ സംബന്ധിച്ച് എ.കെ. ആന്റണിയുടെ പ്രതികരണം.
1940 ഡിസംബർ 28 നാണ് അറയ്ക്കാപ്പറമ്പിൽ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനായി ചേർത്തലയിൽ ആന്റണി ജനിച്ചത്. അമ്പതുകളുടെ അന്ത്യപാദത്തിൽ നടന്ന കെ.എസ്.യു.വിന്റെ ഒരണ സമരത്തിലൂടെയാണ് ആന്റണിയുടെ രാഷ്ട്രീയ പ്രവേശം. ആദർശ രാഷ്ട്രീയത്തിന്റെ അന്നത്തെ മുഖം തന്നെയാണ് ആന്റണിയുടെ ഇന്നത്തെയും ഏറ്റവും വലിയ മുഖമുദ്ര. 77ൽ മുപ്പത്തിയേഴാമത്തെ വയസിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ആ റെക്കാഡ് ഇനിയും ഭേദിച്ചിട്ടില്ല. 95 ലും 2001ലും വീണ്ടും രണ്ട് തവണകൂടി മുഖ്യമന്ത്രിയായി. മൂന്ന് ഘട്ടങ്ങളിലായി പത്തുവർഷത്തോളം കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോഴും എ.ഐ.സി.സി.യുടെ മുതിർന്ന പ്രവർത്തക സമിതി അംഗമാണ്. ഇതിനെല്ലാമുപരി ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും അനുഭവ സമ്പന്നനും ആദരണീയനുമായ രാഷ്ട്രീയ വ്യക്തിത്വമുള്ള നേതാവാണ് എ.കെ. ആന്റണി. ഇത്രയുമെല്ലാം പദവികൾ അലങ്കരിച്ച സമകാലീനരായ മറ്റ് നേതാക്കൾ ആർഭാടപൂർവ്വമായ സായാഹ്നകാലം ചെലവിടുമ്പോൾ ആന്റണി വഴുതക്കാട്ടുള്ള 'അഞ്ജനം' എന്ന വീട്ടിൽ ഒരു സാധാരണക്കാരന്റെ സാമ്പത്തിക പ്രാരാബ്ധങ്ങളുമായി കഴിഞ്ഞുകൂടുക എന്നതാണ് യാഥാർത്ഥ്യം.
താനിരിക്കുന്ന ഒരു കസേരയും തന്നേക്കാൾ വലുതല്ലെന്ന് ആർ. ശങ്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എ.കെ. ആന്റണി അങ്ങനെയൊന്നും പറയുന്ന വ്യക്തിയല്ല. പക്ഷേ താനിരുന്ന ഒരു കസേരയും തന്റെ അടിയുറച്ച ധർമ്മാധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളേക്കാൾ വലുതല്ലെന്ന് പലപ്പോഴും അദ്ദേഹം പ്രവർത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ചിക്കമംഗ്ളൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായതിന്റെ അടുത്ത വർഷം അദ്ദേഹം രാജിവയ്ക്കുകയാണ് ചെയ്തത്. അഖിലേന്ത്യാ തലത്തിൽ എ.കെ. ആന്റണിയെ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയ സംഭവമാണിത്. പിന്നീട് ഇന്ദിരാപക്ഷത്തേയ്ക്ക് തന്നെ മടങ്ങിപ്പോയെങ്കിലും ആന്റണിയുടെ കരുത്ത് കൂടിയിട്ടുള്ളതല്ലാതെ ശതാഭിഷിക്തനാകുന്ന ഈ വേളയിലും കുറഞ്ഞിട്ടില്ല.
പത്രാധിപരുടെ കാലം മുതൽക്കേ കേരളകൗമുദിയുമായി പുലർത്തിയിരുന്ന ആത്മബന്ധം അദ്ദേഹം ഇന്നും നെല്ലിട ചോരാതെ പുലർത്തുന്നു. കേരള കൗമുദിയുടെ ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടകനായി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ എത്തിച്ചതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമായിരുന്നു. എൺപത്തിനാലാം പിറന്നാളിന്റെ വേളയിൽ എ.കെ. ആന്റണിക്ക് ആയൂരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.