bus

തിരുവനന്തപുരം: രാത്രിയായാൽ തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് നാഗർകോവിൽ-കളിയിക്കാവിള റൂട്ടിലേക്ക് പോകാൻ യാത്രക്കാർ മണിക്കൂറുകളോളം കാത്തിരിക്കണം. പത്തുമണികഴിഞ്ഞാൽ ടെർമിനലിന് മുന്നിൽ വരിയായി ബസ് കാത്തിരിക്കുന്നവർ നിത്യകാഴ്ചയാണ്. തമ്പാനൂരിൽ നിന്ന് കരമന ബാലരാമപുരം വഴി നെയ്യാറ്റിൻകര,​ പാറശാല,​ കളിയിക്കാവിള,​ നാഗർകോവിൽ ഭാഗത്തേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ അധികൃതർ വെട്ടിക്കുറച്ചതാണ് രാത്രിയാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നത്.

സ്റ്റാൻഡിൽ ബസുകൾ ഉണ്ടെങ്കിൽ ആളെണ്ണം കുറഞ്ഞാലും ബസ് വിടില്ല. ഇത്തരം സർവീസുകൾ സാമ്പത്തികനഷ്ടം വരുത്തുമെന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇവിടുത്തേക്കുള്ള സർവീസുകൾ പാപ്പനംകോട്,വിഴിഞ്ഞം,നെയ്യാറ്റിൻകര,പാറശാല തുടങ്ങിയ ഹോം ഡിപ്പോകളാണ് നോക്കുന്നതെന്നും സർവീസുകൾ ക്രമീകരിക്കുന്നത് തങ്ങളല്ലെന്നും തമ്പാനൂർ ഡിപ്പോ അധികൃതർ പറഞ്ഞു.

 യാത്രക്കാർ ദുരിതത്തിൽ

തമ്പാനൂരിൽ നിന്ന് പള്ളിച്ചൽ, വിഴിഞ്ഞം റൂട്ടിലേക്ക് മുമ്പ് ഒരു മണിക്കൂർ ഇടവിട്ട് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ രണ്ടും മൂന്നും മണിക്കൂർ കാത്തുനിന്നാൽ മാത്രമേ ബസ് കിട്ടു. കൊല്ലം, കോട്ടയം, എറണാകുളം ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് രാത്രി ഏറെ വൈകിയും സർവീസുകൾ ഉണ്ടെങ്കിലും തെക്ക് ഭാഗത്തേക്കുള്ള സർവീസുകളെ വെട്ടിക്കുറച്ച് യാത്രക്കാരെ ദ്രോഹിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.

 സർവീസുണ്ട്, എന്നിട്ടും...

നെയ്യാറ്റിൻകര,ബാലരാമപുരം,പാറശാല,ഊരൂട്ടമ്പലം, കാട്ടാക്കട, പള്ളിച്ചൽ, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര തുടങ്ങുന്നത് ടെർമിനലിന്റെ മുൻവശത്തു നിന്നാണ്. എന്നാൽ ഇവിടെനിന്നും രാത്രി 8 കഴിഞ്ഞാൽ സർവീസ് നിലച്ചമട്ടാണ്. 10 കഴിഞ്ഞാൽ ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ തമ്പാനൂ‌ർ ബസ് സ്റ്റാൻഡിന്റെ ഇടതു വശത്തെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സുകളുടെ സ്റ്റാൻഡിലേക്ക് മാറ്റും. ഇവിടെനിന്നും രണ്ട് സംസ്ഥാനങ്ങളുടെയും സർവീസുകൾ നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതത്തിന് കുറവില്ല.

 സൗകര്യങ്ങളും ഇല്ല

കഴിഞ്ഞ ഒരു മാസമായി രാത്രി കാലത്ത് നാഗർകോവിലിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സുകളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായത്. ശബരിമല സീസണും ഇതിന് കാരണമായി പറയുന്നുണ്ട്. മാത്രമല്ല ഇവിടെ രാത്രി കാലത്ത് യാത്രക്കാർക്ക് ഒന്നിരിക്കാനോ, വിശ്രമിക്കാനോ ഉള്ള സംവിധാനങ്ങളുമില്ല. ഇതും തങ്ങളോടുള്ള തികഞ്ഞ അവഗണനയായി യാത്രക്കാർ ആരോപിക്കുന്നു.

യാത്രക്കാരില്ലാതെ കാലിക്ക് ബസ് പോയാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ബസ്സുകൾ കുറയ്ക്കുന്നത്- കെ.എസ്.ആർ.ടി.സി