ആര്യനാട്: പീഡന കേസ് പ്രതിയുടെ വിവരങ്ങൾ പൊലീസിൽ പറഞ്ഞെന്ന സംശയത്തിൽ കുടിവെള്ളത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ആര്യനാട് കാനക്കുഴി കുരുവിയോട് അൽത്താഫ് മൻസിലിൽ സീനത്ത്-നൗഷാദ് ദമ്പതികളാണ് ഇതുസംബന്ധിച്ച് ആര്യനാട് പൊലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ദിവസം രാത്രി സീനത്തിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവിന്റെ വീട്ടിൽ നിന്നും മടങ്ങി വന്നപ്പോൾ വീടിന്റെ പരിസരത്തും കിണറിന് മുകളിലുമായി നീല നിറത്തിലുള്ള പൊടികണ്ടെത്തി. പിറ്റേദിവസം നൗഷാദ് ജോലി സ്ഥലത്ത് നിൽക്കവെ വയറിന് വേദന അനുഭവപ്പെട്ടു. ഇതോടെ സംശയം ബലപ്പെട്ടു. തുടർന്ന് വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ അയൽവാസി കിണറിന് സമീപത്ത് പൊടി വിതറുന്നത് കണ്ടെത്തി.

മുമ്പ് നൗഷാദിന്റെ വീട്ടിലെ 20ഓളം പശുക്കൾക്ക് വയറിന് അസുഖം ബാധിച്ചിരുന്നു. ഇപ്പോഴത്തെ സംഭവംകൂടി കണക്കിലെടുത്ത് അതും ഇയാളുടെ അതിക്രമമാകാമെന്ന് കുടുംബം ആരോപിച്ചു. സംശയത്തിന്റെ പേരിൽ കുടിവെള്ളത്തിൽ കീടനാശിനി കലർത്തി തങ്ങളെ അപായപ്പെടുത്താൻ അയാൽവാസി ശ്രമിക്കുകയാണെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചതായി ആര്യനാട് പൊലീസ് അറിയിച്ചു.