തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സൺഏജ് ഇക്കോ സിസ്റ്റം കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തി സംസ്ഥാന ശുചിത്വ മിഷനാണ് നടപടിയെടുത്തത്. ആശുപത്രി മാലിന്യം അടക്കമുള്ളവ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്.
സംഭവത്തിൽ ശുചിത്വ മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയത്. അതേസമയം,കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്ത് ജനുവരി 2നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.