മലയിൻകീഴ്: ജനവാസമേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറി ഉത്പന്നവില്പനകേന്ദ്രത്തിലെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് വിളവൂർക്കൽപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കത്ത് നൽകിയിട്ടും സ്ഥാപനമിപ്പോഴും പ്രവർത്തിക്കുന്നു. പാപ്പനംകോട് - മലയിൻകീഴ് റോഡിൽ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷന് സമീപത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പാറപ്പൊടി, എംസാൻഡ്, ചല്ലി, സിമന്റും ക്ലേയും ചേർത്ത മെറ്റൽ എന്നിവയാണ് ഇവിടെവിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കൂറ്റൻ ലോറികളിൽ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ ദിവസവും രാത്രിയോടെയാണ് എത്തിക്കുന്നത്. പാറയുടെതരികളടങ്ങിയ പൊടിശല്യത്താൽ സമീപത്തെ വീട്ടുകാർക്ക് ശ്വാസംമുട്ടൽ,ത്വഗ്‌രോഗം എന്നിവ ബാധിക്കുന്നതായും പരാതി ഉയർന്നിരുന്നു. സ്ഥാപനം പൂട്ടണമെന്നാവശ്യപ്പെട്ട് 200ലേറെ പേർ ഒപ്പിട്ട പരാതി വിളവൂർക്കൽ പഞ്ചായത്തിൽ നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറി എം.ബിജുകുമാർ സ്ഥാപനത്തിൽ പരിശോധന നടത്തി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം നിറുത്തിവയ്ക്കാൻ ഉത്തരവിറക്കുകയായിരുന്നു.എന്നാൽ അതൊന്നും മുഖവിലയ്ക്കെടുക്കാതെ രാത്രി മുതൽ ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും ടിപ്പറുകളും പ്രവർത്തിക്കുകയാണ്. ഇക്കഴിഞ്ഞ 12ന് കേരളകൗമുദി അനധികൃത ക്വാറി ഉത്പന്ന വില്പനയെ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.