ananmalai

കോയമ്പത്തൂർ: ഡി.എം.കെ സർക്കാരിനെതിരെ പോർമുഖം തുറന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അണ്ണാമലൈ സ്വയം ചാട്ടവാർ പ്രയോഗം നടത്തിയത് ചർച്ചയായി. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാർട്ടി പ്രവർത്തനം ശക്തമാക്കുകയാണ് അണ്ണാമലൈ. കഴിഞ്ഞ ദിവസമാണ് ഡി.എം.കെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുംവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചത്. പിന്നാലെ ഇന്നലെ രാവിലെ കോയമ്പത്തൂർ നെഹ്റു നഗറിലുള്ള തന്റെ വീട്ടുമുറ്റത്ത് വച്ച് വേൽമുരുകനോടുള്ള പ്രാർത്ഥനയായി എട്ട് തവണ ചാട്ടവാറിനടിച്ചു. 48 ദിവസം വ്രതമെടുക്കുമെന്നും പ്രഖ്യാപിച്ചു. പച്ച നിറത്തിലുള്ള മുണ്ട് ധരിച്ച് ഷർട്ടിടാതെ അണ്ണാമലൈ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യങ്ങളിലുൾപ്പെടെ പ്രചരിച്ചു. ഒമ്പതാമത്തെ തവണ അടിക്കാനൊരുങ്ങിയ അണ്ണാമലൈയെ ഒരു സഹായി തടയുന്നത് ദൃശ്യങ്ങളിൾ കാണാം. ചാട്ടവാറടിച്ചു തുടങ്ങിയപ്പോൾ പ്രവർത്തകർ 'വെട്രിവേൽ, വീരവേൽ" മുദ്രാവാക്യം മുഴക്കി. ആറു തവണ അടിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

അതിനിടെ,​ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ വിവരങ്ങൾ അടക്കമുള്ള എഫ്‌.ഐ.ആർ പുറത്തുവിട്ടതിനെ അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. പെൺകുട്ടിയുടെ സ്വകാര്യത ലംഘിച്ചതായും അവരെ മോശമായി ചിത്രീകരിക്കുന്നതാണ് എഫ്‌.ഐ.ആറെന്നും പറഞ്ഞു. വിവാദമായതോടെ ഓൺലൈനിൽ നിന്ന് എഫ്‌.ഐ.ആർ പൊലീസ് നീക്കി. ഡി.എം.കെ നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങൾ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. അതേസമയം ആരോപണം ഡി.എം.കെ തള്ളി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണമായതിനാൽ ഇന്നലെ പ്രത്യക്ഷ സമരത്തിന് ബി.ജെ.പി തുടക്കമിട്ടില്ല. സമരത്തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണ്ണാമലൈ അറിയിച്ചു.

ചാട്ടവാറടി പ്രാർത്ഥനയാകുന്നത്

ശരീരത്തെ സ്വയം വേദനിപ്പിക്കുന്ന പല പ്രാചീന പ്രാർത്ഥനാരീതികളും തമിഴ്നാട്ടിലുണ്ട്. അതിലൊന്നാണ് ചാട്ടവാറടി. ആറു വട്ടം അടിക്കുന്നതിനും കാരണമുണ്ട്. മുരുകനുമായി ബന്ധപ്പെട്ട് ആറ് എന്ന അക്കത്തിന് പ്രധാന്യമേറെയാണ്. അറുമുഖൻ മുരുകന്റെ പര്യായമാണ് (ആറുമുഖമുള്ളവൻ). അതുകൊണ്ടുതന്നെ മുരുക ക്ഷേത്രങ്ങളിൽ ആറെണ്ണത്തിനാണ് പ്രാധാന്യം. ആറുപടൈവീടുകൾ എന്നാണവ അറിയപ്പെടുന്നത്.

''ആറ് ചാട്ടവാറുകളോടെ മുരുകനോട് ഞങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നു. ഞങ്ങൾ ഉപവസിക്കാൻ പോകുന്നു. ശരീരത്തെ വേദിനിപ്പിച്ച് ഒരു കാര്യം ദൈവത്തോട് അപേക്ഷിക്കുമ്പോൾ അതിന് പ്രതിഫലമുണ്ടാകും'

-അണ്ണാമലൈ