തിരുവനന്തപുരം: കനകക്കുന്നിലെ കൊട്ടാരവളപ്പിൽ സൗരഭം പരത്തുന്ന വൈവിദ്ധ്യങ്ങളായ പൂക്കളും ചെടികളും കാണാൻ വലിയ തിരക്ക്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ടൂറിസം വകുപ്പ്,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് 'വസന്തോത്സവം' സംഘടിപ്പിച്ചിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളെ വർദ്ധിപ്പിക്കുന്നതാണ് ലക്ഷ്യം. ക്രിസ്മസിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബോൺസായിയുടെ അപൂർവ ശേഖരം,വിവിധയിനം ഓർക്കിഡുകൾ, കട്ട് ഫ്ളവറുകൾ എന്നിവയാണ് കാഴ്ചക്കാരെ സ്വീകരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകളും ഫ്ലോറിസ്റ്റുകൾക്കായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധയിനം പുഷ്പങ്ങൾ കൊണ്ട് തയ്യാറാക്കിയ ഡോൾഫിൻ,ചിത്രശലഭം എന്നിവയുടെ രൂപങ്ങൾക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നവരും ധാരാളമാണ്. ഔഷധ സസ്യങ്ങളുടെ പ്രദർശനവും മേളയ്ക്ക് മാറ്റുകൂട്ടുന്നു. മുള, സർപ്പഗന്ധി, രാമച്ചം, കൂവ എന്നിങ്ങനെയുള്ള ചെടികളുടെ ശാസ്ത്രീയനാമങ്ങളും അടുത്ത് തന്നെ എഴുതിയിട്ടുണ്ട്. ഫ്ലാറ്റിൽ ജീവിക്കുന്ന കുട്ടികൾ ഇവയിൽ പലതും ആദ്യമായാണ് കാണുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഓരോ നക്ഷത്രങ്ങൾക്കുമുള്ള ചെടികളും പ്രദർശനത്തിലുണ്ട്. ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, വിത്തുകളുടെ വില്പന എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നെത്തിച്ച പൂക്കളും കനകക്കുന്നിലെ ഉദ്യാനത്തിലുണ്ട്. ജനുവരി 3 വരെ പ്രദർശനം തുടരും.

ലൈറ്റിൽ തിളങ്ങും പൂക്കൾ

ഇലുമിനേറ്റിംഗ് ജോയ്, സ്‌പ്രെഡിംഗ് ഹാർമണി എന്ന പേരിൽ ലൈറ്റ് ഷോയും കനകക്കുന്നിലുണ്ട്. രാത്രിയിൽ പുഷ്പമേളയ്ക്കൊപ്പം ലൈറ്റ് ഷോ കാണാനും ജനങ്ങളുടെ ഒഴുക്കാണ്.മഞ്ഞുമനുഷ്യനും പോളാർ ബിയറും സിൻഡ്രല്ലയും കൂറ്റൻ ഗ്ലോബും ദീപക്കാഴ്ചകളിൽ തിളങ്ങി നിൽക്കുകയാണ്. നടവഴികളും കൊട്ടാരവളപ്പും മരങ്ങളും ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്.