
പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രവികാസത്തിന് പുതിയ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മിനിമം മാർക്ക്, പാഠ്യപദ്ധതി പരിഷ്‌കരണം.... കേരളത്തിലെ സ്കൂൾകുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിൽ കാഴ്ചപ്പാടുകൾ വ്യക്തമാക്കി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി 'കേരളകൗമുദി"യുമായി സംസാരിക്കുന്നു:
? പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പരിപാടികൾ.
 ഈ സർക്കാരിന്റെ പ്രഥമ പരിഗണന പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കലാണ്. ഇതിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം ഉൾപ്പെടെ ഏറ്റെടുത്തത്. പ്രീപ്രൈമറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സമയബന്ധിതമായി പരിഷ്‌കരിച്ച് കുട്ടികളുടെ കൈകളിലെത്തിച്ചു. വരുന്ന വർഷം ജൂണിൽത്തന്നെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും എത്തും.
പ്രീപ്രൈമറി, ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണവും കാലാവധിക്കകം പൂർത്തിയാക്കും. പരിഷ്‌കരണത്തിൽ ഏറെ പ്രാധാന്യം നൽകിയത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, ആരോഗ്യ- കായിക വിദ്യാഭ്യാസം എന്നിവയ്ക്കാണ്. ദേശീയ, അന്തർദേശീയ തലങ്ങളിലെ മികച്ച മാതൃകകൾ സ്വീകരിച്ചുകൊണ്ടുള്ള മൂല്യനിർണയ പരിഷ്‌കരണവും പാഠ്യപദ്ധതി പരിഷ്‌കരണവും ഈ വർഷം പൂർത്തിയാക്കും. അദ്ധ്യാപക വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യമാണ്. ഇൻ സർവീസ് ടീച്ചർ എജ്യുക്കേഷൻ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങളുണ്ടായില്ലെങ്കിൽ വിദ്യാഭ്യാസമേഖലയെ കാലോചിതമായി പരിഷ്‌കരിക്കാനാവില്ല. അതുകൊണ്ട് അദ്ധ്യാപക പരിശീലന പരിപാടി ആധുനികകാലത്തിന് അനുസൃതമായി പരിഷ്‌കരിക്കും.
? ഓൾ പാസ് നിറുത്തലാക്കുന്നത് കുട്ടികളിൽ തോൽവിയെന്ന വികാരം ശക്തിപ്പെടുത്തുമെന്ന് ഒരു നിരീക്ഷണമുണ്ടല്ലോ...
 പൊതുവിദ്യാഭ്യാസ വകുപ്പിന് കുട്ടികളെ തോൽപ്പിക്കുക എന്ന നയമില്ല. കുട്ടികളെ തോൽപ്പിക്കുകയെന്ന കേന്ദ്രനയത്തോടൊപ്പം നിൽക്കുകയുമില്ല. ഈ വർഷം എട്ടാംക്ളാസിൽ മിനിമം മാർക്ക് ഏർപ്പെടുത്തുകയാണ്. അടുത്തവർഷം ഒൻപതിലും അതിനടുത്തവർഷം പത്താംക്ളാസിലും മിനിമം മാർക്ക് ഏർപ്പെടുത്തും. എട്ടാംക്ളാസിൽ 10 കുട്ടികൾ തോറ്റെന്നിരിക്കട്ടെ, അവർക്ക് പ്രത്യേക ട്യൂഷൻ നൽകി വീണ്ടും പരീക്ഷയെഴുതിക്കും. പഠനാടിത്തറ ശരിയാക്കാനാണ് ഇത്. ഇതോടെ പത്താംക്ളാസിന്റെ നിലവാരവും മെച്ചപ്പെടും. വരുംവർഷങ്ങളിൽ ഒന്നാംക്ളാസ് മുതൽ ഈ സമ്പ്രദായം നടപ്പിലാക്കും.
ഇപ്പോൾ പരീക്ഷയെക്കുറിച്ച് കുട്ടികൾക്ക് ഗൗരവമില്ല. പണ്ടൊക്കെ പരീക്ഷപ്പനിയും ഉണ്ടായിരുന്നു. ഇപ്പോൾ പത്താംക്ളാസിൽ 100 മാർക്കിന്റെ ചോദ്യത്തിന് 20 മാർക്ക് നിരന്തരമൂല്യനിർണയത്തിലൂടെ കിട്ടും. എഴുത്തുപരീക്ഷയിൽ 80-ൽ വെറും പത്തുമാർക്ക് വാങ്ങിയാൽ ജയിച്ചു. എന്തൊരു സ്ഥിതിയാണ്! എത്രകോടി രൂപ ചെലവാക്കിയാണ് സർക്കാർ പരീക്ഷ നടത്തുന്നതെന്ന് അറിയാമോ? കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അവർ മത്സരപരീക്ഷകളിൽ പിന്തള്ളപ്പെടാതിരിക്കാനുമാണ് മിനിമം മാർക്ക് നടപ്പാക്കുന്നത്.
? പാഠപുസ്തക കമ്മിറ്റികളിൽ യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന സമ്മർദ്ദമുണ്ടോ.
 പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റിയാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്. അക്കാഡമിക കാര്യങ്ങൾ തീരുമാനിക്കുന്നതിന് വകുപ്പു മന്ത്രി അദ്ധ്യക്ഷനായി 72 അംഗ കമ്മിറ്റിയുമുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗൽഭർ കമ്മിറ്റിയിലുണ്ട്.
ഓരോ പാഠപുസ്തകത്തിന്റെയും കമ്മിറ്റി അംഗങ്ങളായി 10 മുതൽ 12 പേരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവരാണ് രചനാസമിതി അംഗങ്ങൾ. ഓരോ കമ്മിറ്റിയെയും അഡ്വൈസ് ചെയ്യാനുള്ള ഒരു അഡ്വൈസറും ഒരു ചെയർപേഴ്സണും മൂന്ന് വിദഗ്ദ്ധരും അടങ്ങുന്നതാണ് രചനാസമിതി. ഓരോ പാഠപുസ്തകവും രചിച്ചത് ആരാണെന്ന് പാഠപുസ്തകത്തിന്റെ ആദ്യ പേജുകളിൽത്തന്നെ നൽകിയിട്ടുണ്ട്. വളരെ സുതാര്യമായാണ് പൊതുവിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്നത്.
? സ്‌കൂൾ കുട്ടികളെ ലഹരി മാഫിയ ഉന്നമിടുന്നതിനെ പ്രതിരോധിക്കാൻ...
 വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്നമാണിത്. നവ ലിബറൽ നയങ്ങളുടെ ഭാഗമായി തുറന്ന വഴികളിലൂടെ വ്യാപിച്ച അപകടമാണ് ലഹരി. കുട്ടികളിലെ വ്യാമോഹങ്ങളും സമ്മർദ്ദങ്ങളും ലഹരി മാഫിയയ്ക്ക് സഹായകമാകുന്നുണ്ട്. നവമാദ്ധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ കുട്ടികളുടെ മുന്നിലെത്തിക്കാൻ ബോധപൂർവം ശ്രമിക്കുന്നവരുണ്ട്. ഇവരുടെ വലയിൽവീഴാതെ നമ്മുടെ കുഞ്ഞുങ്ങളെ നോക്കേണ്ടത് അനിവാര്യമാണ്. നീതിപാലന സംവിധാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ സാമൂഹിക ജാഗ്രത കൂടി ഉണ്ടാകണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
? എയ്ഡഡ് സ്കൂളുകൾക്കുള്ള പരിഗണന, നിയമന പ്രശ്നങ്ങൾ... ഇതൊക്കെ.
 എയ്ഡഡ് സ്‌കൂൾ നിയമന പ്രശ്നങ്ങൾ സംസ്ഥാന രൂപീകരണ സമയം മുതൽ ഉള്ളതാണ്. ഈ ചോദ്യത്തിലൂടെ ഉയർത്താനുദ്ദേശിച്ച കാര്യങ്ങൾ സാമൂഹികമായി ചർച്ചചെയ്ത് സമവായത്തിലെത്തേണ്ടതുണ്ട്.
? വികസിത രാജ്യങ്ങളിലെപ്പോലെ സമീകൃത വിഭവങ്ങൾ ഉൾപ്പെട്ട മെനു ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുമോ.
 വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം മികച്ചതാണ് നമ്മുടെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി. പോഷകസമൃദ്ധമായ ഭക്ഷണമാണ് കുട്ടികൾക്കു നൽകുന്നത്. കൂടാതെ പാലും മുട്ടയും നൽകുന്നുണ്ട്. ഇനിയും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അതിനും തയ്യാറാണ്.
? അദ്ധ്യാപകർക്ക് കുട്ടികളെ ശാരീരികമായി ശിക്ഷിക്കാമെന്ന് ഒരു നിരീക്ഷണുണ്ടല്ലോ.
 ശിക്ഷയെ സംബന്ധിച്ച കാഴ്ചപ്പാടിലും കാലോചിതമായ മാറ്റം വരേണ്ടതുണ്ട്. ഫ്യൂഡൽ കാലഘട്ടത്തിലെ ശിക്ഷാരീതിയുടെ അശാസ്ത്രീയത കൂടി ഉൾക്കൊണ്ടാണ് യുണൈറ്റഡ് നാഷണൽ ചൈൽഡ് റൈറ്റ് കമ്മിഷനും മറ്റും കുട്ടികളുടെ അവകാശപത്രിക വികസിപ്പിച്ചത്. ഇന്ത്യയും അതിന്റെ ഭാഗമാണ്. കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടത് നമ്മുടെ ബാദ്ധ്യതയും കടമയുമാണ്. കുട്ടികളെ ഒരു കാരണവശാലും ശാരീരികമായും മാനസികമായും ശിക്ഷിക്കാൻ പാടില്ല. ഇത് കുട്ടിയുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും. പേടിപ്പിച്ച് പഠിപ്പിച്ചാൽ കുട്ടികൾ പഠനം ആസ്വദിക്കില്ല. ആശയമുൾക്കൊണ്ട് പഠിക്കാനുമാവില്ല.
? ഇപ്പോഴത്തെ കുട്ടികളുടെ സംഘാടനാശേഷി, സാമൂഹ്യ പ്രതിബദ്ധത എന്നിവയെ പഴയ വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു.
 നമ്മുടെ കുട്ടികൾ മികച്ച സംഘാടന ശേഷിയുള്ളവരാണ്. പഠനം പ്രക്രിയാധിഷ്ഠിതമായി നടക്കുന്ന ഇടങ്ങളിൽ പഠനപ്രവർത്തനങ്ങൾ- പ്രത്യേകിച്ച് സംഘടനാപ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കുട്ടികളുടെ മികവ് എടുത്തു പറയേണ്ടതാണ്. കോടതിയുടെ നിർദ്ദേശാനുസരണമാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ വേണ്ടെന്നുവച്ചത്. ഇന്നത്തെ കുട്ടികൾ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പൗരസമൂഹത്തിന്റെ ഭാഗമാകേണ്ടതാണ്. അതിനാൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള പരിശീലനം സ്‌കൂൾ ഘട്ടത്തിൽത്തന്നെ വേണമെന്ന അഭിപ്രായം ഉയർന്നുവരുന്നുണ്ട്. ഇതെല്ലാം ആഴത്തിൽ പരിശോധിക്കേണ്ടതാണ്.
? കലോത്സവങ്ങൾ പ്രതിഷേധ മേളകൾ ആകുന്നതിനെതിരെ ബോധവത്കരണം ആലോചിക്കുന്നുണ്ടോ.
 കുട്ടികൾക്ക് ബോധവത്കരണം നൽകേണ്ടത് അദ്ധ്യാപകരാണ്. നിലവിൽ ടീച്ചർമാരാണല്ലോ കുട്ടികളെ ഇളക്കിവിടുന്നത്. അതുകൊണ്ട് ആദ്യം മാറേണ്ടത് അദ്ധ്യാപകരാണ്. എന്തായാലും അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
? കുഞ്ഞുങ്ങൾക്ക് മന്ത്രി അപ്പൂപ്പൻ നൽകുന്ന ഉപദേശം...
 നന്നായി പഠിക്കണം. പ്രായോഗിക ജ്ഞാനം തന്നെ വേണം. കൂട്ടായ അന്വേഷണമാണ് പഠനം. പരീക്ഷയ്ക്കു വേണ്ടി മാത്രമാകരുത്, ജീവിതത്തിനു വേണ്ടിയാകണം പഠനം. അറിവിന്റെയും സാങ്കേതികവിദ്യയുടെയും അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇവയുടെ ചതിക്കുഴികളും തിരിച്ചറിയണം. നമ്മളാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നേടാനാവണമെന്നില്ല. അപ്രതീക്ഷിത സന്ദർഭങ്ങളും ജീവിതത്തിലുണ്ടാവും. അത്തരം ഘട്ടങ്ങളിൽ തളർന്നുപോകരുത്.
ജീവിതം തകർക്കുന്ന പലതും നമുക്കു ചുറ്റുമുണ്ട്. അതിൽ ഏറ്റവും അപകടകാരിയാണ് ലഹരി. ലഹരിക്കെതിരായ നിലപാട് കൈക്കൊള്ളാൻ കഴിയണം. മാലിന്യങ്ങൾ വലിയ വിപപത്താണ്. അവ വലിച്ചെറിയാതെ യഥാസ്ഥാനത്ത് നിക്ഷേപിക്കുക. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമാകാനും അതൊരു ജീവിതരീതിയാക്കി വളർത്താനുമാകണം.