തിരുവനന്തപുരം: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലക്കാരനായ ഷെഹൻഷായെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും അതേ ജില്ലക്കാരനുമായ വസീമിനെ കൊല്ലം അഡീ. സെഷൻ ജഡ്ജ് എസ്.സുഭാഷ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2016ൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിൽ താമസിച്ച് കമ്പിളിത്തുണി വ്യാപാരം നടത്തിയിരുന്ന ഷെഹൻഷായെ തന്റെ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വസീം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് കാട്ടി കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കുറ്റം തെളിയിക്കാൻ സംശയാതീതമായി സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി വസീമിനെ വെറുതേവിട്ടത്. അഭിഭാഷകരായ മംഗലത്ത് ഹരികുമാർ, കോവളം സുകേശൻ, ഗംഗാരമണൻ, ലക്ഷ്മി, ഇന്ദിര, വിനിത വിൻസന്റ് എന്നിവരാണ് പ്രതിക്കായി ഹാജരായത്.