
തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ 7 വരെ നടക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ വാരം" വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങാൻ മന്ത്രി എം. ബി. രാജേഷ് നിർദ്ദേശിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ. എല്ലാ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും മന്ത്രി ഓൺലൈനിൽ സംവദിച്ചു. സുസ്ഥിര ശുചിത്വ പരിപാലനമാണ് ലക്ഷ്യം. ക്യാമറാ നിരീക്ഷണം ശക്തമാക്കണം. മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കണം. ബിന്നുകളിലെ മാലിന്യം സംസ്‌കരിക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. എല്ലാ ജംഷനുകളിലും ജനുവരി 20നുള്ളിൽ ജനകീയ സമിതികൾ രൂപീകരിക്കണം.