വർക്കല: നാരായണ ഗുരുകുല കൺവെൻഷന്റെ അഞ്ചാം ദിനമായ ഇന്നലെ രാവിലെ ഹോമം,ഉപനിഷത്ത് പാരായണം എന്നിവയ്ക്കുശേഷം ഹോമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വാമി തന്മയ പ്രവചനം നടത്തി.

വേദങ്ങളിൽ ചന്ദോബദ്ധമല്ലാത്ത മന്ത്റങ്ങളുള്ളതുപോലെ നാരായണഗുരു രചിച്ച ഹോമമന്ത്റവും ചന്ദോബദ്ധമല്ലെന്ന് സ്വാമി പ്രവചനത്തിൽ പറഞ്ഞു. പ്രത്യക്ഷമല്ലാത്ത ബ്രഹ്മത്തെ പ്രത്യക്ഷത്തിൽ കാണുന്ന അഗ്നി ബ്രഹ്മമായി സങ്കല്പിച്ചുകൊണ്ടാണ് ഹോമം നടത്തുന്നത്. മനസുകൊണ്ടും വാക്കുകൊണ്ടുമെത്തിച്ചേരാൻ കഴിയാത്ത തലത്തിലാണ് ബ്രഹ്മം. മിത്തിന്റെ പ്രായോഗികതലമാണ് അനുഷ്ഠാനം. അബോധപ്രബോധനമെന്നാണ് മിത്തിനെ ഗുരു നിത്യചൈതന്യയതി വിശേഷിപ്പിക്കുന്നത്. ഈ പ്രപഞ്ചം തന്നെ യജ്ഞമാണ്. നമുക്ക് എന്താണോ വിലപ്പെട്ടത് അത് ഹോമിക്കണം. ജനനമരണമില്ലാത്ത അറിവിന്റെ തലമാണ് ബ്രഹ്മമെന്നും അത് മനസിലാക്കിയാൽ പോരാ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും പ്രവചനത്തിൽ പറഞ്ഞു.

മൂല്യങ്ങളുടെ സംഘനൃത്തം എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ.ഷെറീനബാനു മോഡറേറ്ററായി നടന്ന സെമിനാറിൽ സോക്രട്ടീസിന്റെ ചിന്താപദ്ധതിയും യുവതലമുറയും എന്ന വിഷയത്തിൽ ഡോ.പി.രാധാറാണിയും ഗുരുനിത്യചൈതന്യയതിയുടെ സമഗ്ര ആരോഗ്യദർശനം എന്ന വിഷയത്തിൽ ഡോ.എം.ഹരിയും ദർശനസൗരഭ്യവും പരിസ്ഥിതിയും അഭിജ്ഞാനശാകുന്തളത്തിൽ എന്ന വിഷയത്തിൽ ടി.ആർ.രജികുമാറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.പി.ലീലാമണി അവലോകനപ്രസംഗം നടത്തി. പ്രാർത്ഥനായോഗത്തിൽ ബ്രഹ്മചാരി രാജൻ പ്രവചനം നടത്തി.