
തിരുവനന്തപുരം:സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ബി.ജെ.പി.ഇളവുകൾ വരുത്തിയതോടെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് കെ.സുരേന്ദ്രന് അവസരമൊരുങ്ങി.
മൂന്ന് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.ഒരാൾക്ക് രണ്ട് ടേമിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ നിലവിലെ വ്യവസ്ഥ അനുവദിക്കുന്നില്ല. ആറു വർഷം പൂർത്തിയാക്കാത്ത സാഹചര്യത്തെ രണ്ടു ടേമായി പരിഗണിക്കേണ്ടെന്ന ഇളവാണ് സുരേന്ദ്രന് തുണയായത്. 2020 ഫെബ്രുവരിയിലാണ് കെ.സുരേന്ദ്രൻ പ്രസിഡന്റാകുന്നത്. അതിന് ശേഷം പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോഴാണ്. ഇതിനിടയിൽ സുരേന്ദ്രന്റെ കാലാവധി ദേശീയ അദ്ധ്യക്ഷൻ നീട്ടിക്കൊടുക്കുകയായിരുന്നു. 2025 മാർച്ചിലാണ് സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. അപ്പോൾ കെ.സുരേന്ദ്രൻ അഞ്ചു വർഷം പൂർത്തിയാക്കും.ഇക്കാലയളവ് ഒരു ടേമായി കണക്കാക്കുന്നതോടെ കെ സുരേന്ദ്രന് ഒരുതവണ കൂടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും.
പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, അഞ്ച് വർഷക്കാലം പൂർത്തിയാക്കിയ മണ്ഡലം,ജില്ലാ ഭാരവാഹികൾക്കും ഇളവ് പ്രയോജനപ്പെടും. സംസ്ഥാനത്ത് റവന്യു ജില്ലാ അടിസ്ഥാനത്തിനുള്ള സംഘടനാ സംവിധാനത്തിന് മാറ്റം വരുത്തി ഓരോ ജില്ലയെയും രണ്ടും മൂന്നുമായി വിഭജിച്ച് ജില്ലാ സമിതികളുടെ എണ്ണം 30 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 14ന് പകരം 30 ജില്ലാ പ്രസിഡന്റുമാർ വരും. .
കെ.സുരേന്ദ്രൻ പ്രസിഡന്റായതിന് ശേഷം സംസ്ഥാനത്ത് പാർട്ടിക്ക് വൻ കുതിപ്പുണ്ടായെന്നാണ് വിലയിരുത്തൽ.ഒരു പാർലമെന്റംഗത്തെ വിജയിപ്പിക്കാനായി.
പാലക്കാട്,ആറ്റിങ്ങൽ, ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിൽ വൻ നേട്ടമുണ്ടാക്കാനും 11നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്താനും കഴിഞ്ഞു.15ലേറെ നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി.ഇത് ബി.ജെ.പി.ക്ക് വൻ ആത്മവിശ്വാസമാണ് നൽകിയത്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കാനും ആർ.എസ്.എസുമായി യോജിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനും സുരേന്ദ്രന് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.