manmohan-singh

1985 മുതൽ സാമ്പത്തിക തകർച്ച അഭിമുഖീകരിച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിൽക്കാലത്ത് ചിറകടിച്ചുയർന്നതിന് പിന്നിൽ ഒരു ഒറ്റമൂലിയുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു കണ്ടെത്തിയ രാഷ്ട്രീയക്കാരനല്ലാത്ത ഡോ. മൻമോഹൻ സിംഗ് എന്ന ഒറ്റമൂലി. പരമ്പരാഗത രാഷ്ട്രീയ പ്രവർത്തകരെ കാണുന്ന കണ്ണുകൾ കൊണ്ട് മൻമോഹൻ സിംഗിനെ അളക്കുന്നത് ശരിയല്ലെന്ന് അവിടുന്നിങ്ങോട്ട് ദശകങ്ങൾ നീണ്ട ജനാധിപത്യ ചരിത്രം നമ്മളെ ഓർമ്മപ്പെടുത്തുന്നു. വ്യക്തിപരമായി അതടുത്തുകണ്ട് ബോദ്ധ്യപ്പെട്ടിട്ടുമുണ്ട്.

ഈ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവിൽ ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിറുത്തുകയും ചെയ്ത ഭരണാധികാരി. മൻമോഹൻ സിംഗ് എന്നാൽ ഇന്ത്യക്ക് അങ്ങനെയാണ്.

ധനമന്ത്രിയായിരുന്നപ്പോൾ താൻ തന്നെ തുടങ്ങിവച്ച സാമ്പത്തിക നയങ്ങൾക്ക് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം തന്നെ വെള്ളവും വളവും നൽകി. അതിലൂടെ ഇന്ത്യൻ വിപണിയുടെ ശക്തി ക്രമേണ കൂടി. മൻമോഹൻ സിംഗിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനെയും ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയെയും കരുതലുള്ള മനുഷ്യനെയും ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ആദ്യം ഊർജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവർത്തിച്ചപ്പോൾ, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയിൽ എനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ ഏറെ പ്രചോദനവും കരുത്തുമായിരുന്നു.

ഞാൻ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സക്രിയമായ ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ ഊർജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധ ചെലുത്തി നൽകിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പിൽക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓർക്കുന്നു.