
തിരുവനന്തപുരം: സംഭാൽ പള്ളി, പാലസ്തീൻ വിഷയങ്ങളിൽ വർഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ നഗരത്തിൽ പതിച്ച ഉത്തരേന്ത്യൻ സ്വദേശി മുഹമ്മദ് ഇഖ്ബാലിനെ ഫോർട്ട് പൊലീസ് പിടികൂടി. ഫോർട്ട് സ്റ്രേഷനു മുന്നിലെ അൽ-ഹസൻ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ.
മണക്കാട് പടന്നാവ് ലെയ്നിലെ ഇയാളുടെ താമസസ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തി. ഭീകര സ്വഭാവമുള്ള ലഘുലേഖകളുൾപ്പെടെ പിടിച്ചെടുത്തു. ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് എൻ.ഐ.എ, ഐ.ബി ഉദ്യോഗസ്ഥർ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്.
ബംഗാളിലെ വിലാസമുള്ള തിരിച്ചറിയൽ കാർഡ് കൈവശമുണ്ട്. ഇത് വ്യാജമാണെന്നും ഇയാൾ ബംഗ്ലാദേശിയാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മണക്കാട്ട് മരണപ്പെട്ട ഹിന്ദു സ്ത്രീക്ക് ആദരാജ്ഞലിയർപ്പിച്ച് പതിച്ചിരുന്ന പോസ്റ്ററിന് മുകളിലാണ് പാലസ്തീനു വേണ്ടി പ്രാർത്ഥിക്കുക എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചത്. നഗരത്തിൽ മറ്റു ചില ഭാഗങ്ങളിലും പോസ്റ്റർ പതിച്ചെന്ന് പൊലീസ് പറഞ്ഞു. മണക്കാട് പോസ്റ്റർ പതിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇഖ്ബാലിനെ തിരിച്ചറിഞ്ഞത്. മണക്കാട്ടെ ബി.ജെ.പി സ്വാധീന മേഖലയിലും ഇയാൾ പോസ്റ്ററുകൾ പതിച്ചു. ബി.ജെ.പി നേതാവാണ് പൊലീസിന് വിവരം നൽകിയത്.
മതവിദ്വേഷം പടർത്താൻ ശ്രമിച്ചതിന് ബി.എൻ.എസ് 196(1)(എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
കൂട്ടാളികൾക്കായി തെരച്ചിൽ
താൻ ഒറ്റയ്ക്കാണ് പോസ്റ്രറൊട്ടിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് പെരുമാറ്റം. ഫോൺ കാളുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. വീട് വാടകയ്ക്ക് നൽകിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇയാൾ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു.