road

കുളത്തൂർ: വലുതും ചെറുതുമായ 12 റോഡുകൾ സംഗമിക്കുന്ന കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷനിൽ എത്തുന്ന യാത്രക്കാർക്ക് ആകെ ആശയക്കുഴപ്പമാണ്. ഇവിടെ ട്രാഫിക് സിഗ്നൽ ഉണ്ടെങ്കിലും നാട്ടുകാരല്ലത്തവർക്ക് ഏത് വശത്തേക്ക് തിരിയണമെന്ന് അറിയാൻപറ്റില്ല. ഇതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. മുക്കോലയ്ക്കലിൽ ജംഗ്ഷനിലെ അപകടവും തിരക്കും കുറയ്‌ക്കാൻ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും അവയെല്ലാം ജലരേഖയായി. സിഗ്നൽ ലഭിച്ചാൽപോലും ഏതുവഴി തിരിയണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ.

 തിരക്കും അപകടവും

സർവീസ് റോഡുകളിൽനിന്നും കഴക്കൂട്ടം - ആറ്റിൻകുഴി, ഗുരുനഗർ - സ്റ്റേഷൻകടവ്, തോട്ടുംമുഖം-മുക്കോലയ്ക്കൽ, കുളത്തൂർ -മുക്കോലയ്ക്കൽ തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന കെ.എസ്.ആർ.ടി.സി, ഐ.എസ്.ആർ.ഒ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ജംഗ്‌ഷനിലെത്തുന്നതോടെ തിരക്ക് ഇരട്ടിക്കും. തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന അന്യസംസ്ഥാന കണ്ടെയ്നർ ലോറികൾ മറ്റ് വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാണ്.

 നിയന്ത്രണങ്ങൾ വേണം

പ്രധാന റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പെട്ടന്ന് ഇരുവശങ്ങളിലുള്ള സർവീസ് റോഡുകളിലേക്ക് തിരിയുന്നതും അമിത വേഗതയും മിക്കപ്പോഴും വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിക്ക് കാരണമാകുന്നു. സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയ ശേഷം മുക്കോലയ്ക്കൽ ജംഗ്ഷനിൽ മാത്രം 43 വാഹനാപകടങ്ങളാണ് ഉണ്ടായത്. ബന്ധപ്പെട്ട ഹെെവേ അതോറിട്ടി ഇവിടെ വിശദമായ ശാസ്ത്രീയ പഠനം നടത്തി വേണ്ടത്ര സുരക്ഷാ നിയന്ത്രണങ്ങൾ ഒരുക്കിയാൽ മാത്രമേ പ്രശ്നപരിഹാരമുണ്ടാകു എന്നാണ് വിദഗ്ദ്ധാ ഭിപ്രായം.

 കാത്തുകിടപ്പ് മണിക്കൂറോളം

കഴക്കൂട്ടം എലിവേറ്റ‌ഡ് ഹൈവേ അവസാനിക്കുന്നത് മുക്കോലയ്ക്കൽ ജംഗ്ഷന് 70 മീറ്റർ മുമ്പാണ്. ഇതിൽനിന്നും വന്നിറങ്ങുന്ന വാഹനങ്ങളും കൂടിയെത്തുമ്പോൾ ജംഗ്ഷനിൽ തിരക്ക് ഇരട്ടിയാകും. പിന്നെ വാഹനങ്ങൾ അപ്പുറം കടക്കാൻ മണിക്കൂറുകളോളം കാത്തുകിടക്കണം.