d

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ നാലു വർഷ ബിരുദ പരിപാടിയിൽ മികച്ച അക്കാഡമിക് ബഹുസ്വരതകൾ സൃഷ്ടിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ.ആർ.ഇന്ദുലാൽ.ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ എൻ.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ 'ഉന്നത വിദ്യാഭ്യാസരംഗം : പ്രശ്നങ്ങളും പ്രതിവിധികളും" എന്ന സായാഹ്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജ്ഞാനസമൂഹത്തിന്റെ വളർച്ചയിൽ വൈവിദ്ധ്യപൂർണവും അയവുള്ളതുമായ പാഠ്യപദ്ധതികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വിഭാവനം ചെയ്യുന്നത്.സർവകലാശാലകളുടെ സ്വയംഭരണ അവകാശങ്ങളും അധികാരങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ തുല്യതയും പ്രാപ്യതയും ഉറപ്പാക്കുന്ന പൊതുനയമാണ് ഇന്ന് അവശ്യം.വിദ്യാർത്ഥി കേന്ദ്രീകൃതമായ ഉള്ളടക്കങ്ങൾ ലഭ്യമാവുന്ന പാഠ്യപദ്ധതികളുടെ ആവിഷ്കരണമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

വിദ്യാർത്ഥികളുടെ നൈപുണ്യവും വിനിമയശേഷിയും വർദ്ധിക്കുമ്പോൾ ശക്തമായ ജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ്.രാഖി അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.ഡി.പ്രീതാരാജ്,ആദിത്യ ദിലീപ്,നന്ദ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.