ko

കോവളം : ശ്രീനാരായണഗുരുദേവൻ അനുഗ്രഹിച്ച് നൽകിയ കുന്നത്തുവിളാകത്തെ ഗുരുദേവ ഫോട്ടോ ഇനി കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് അനുഗ്രഹം ചൊരിയും. തികഞ്ഞ ഗുരുദേവ ഭക്തനായിരുന്ന ഒരുവാതിൽക്കോട്ട കുന്നത്തു വിളാകം വേലായുധന്റെ അഭിലാഷമായിരുന്നു ഗുരുദേവന്റെ ഒരു ഫോട്ടോ. 1911 ൽ തന്റെ ആഗ്രഹം ശിവഗിരിയിലെ രണ്ട് സന്യാസിമാരോടും പറഞ്ഞപ്പോൾ അവർക്കും ഓരോ കോപ്പി തരാമോയെന്നും ചോദിച്ചു. ഒരു നാൾ അവസരം ഒത്തുവന്നപ്പോൾ ശിവഗിരിയിൽ തന്റെ ആഗ്രഹം സ്വാമിയെ ഉണർത്തിച്ചു. ഉടൻ ഫോട്ടോയുടെ എത്ര കോപ്പി വേണമെന്ന് വേലായുധനോട് ചോദിച്ചു. മറുപടി കേട്ടയുടൻ മൂന്നെന്ന് പറഞ്ഞു. ആയിക്കൊള്ളട്ടെയെന്ന് ഗുരു സമ്മതവും അറിയിച്ചു. അങ്ങനെ വേലായുധന്റെ ആഗ്രഹം പ്രകാരം ഗുരുദേവൻ ഫോട്ടോയ്ക്ക് ഇരുന്നു കൊടുത്തു. ഫോട്ടോ എടുത്തറിഞ്ഞ് മറ്റു ചിലർ ഫോട്ടോയുടെ പ്രിന്റ് ചോദിച്ചു. കൂടുതൽ എടുത്ത് മറ്റുള്ളവർക്ക് ഓരോന്ന് നൽകാമെന്നും വേലായുധൻ ധരിച്ചു. പക്ഷെ മൂന്ന് പ്രിന്റിൽ കൂടുതൽ ഫോട്ടോ എടുക്കാൻ സാധിച്ചില്ല. അതിന് ശേഷം എടുക്കാൻ ശ്രമിച്ച പ്രിന്റുകൾ വ്യക്തമല്ലാതായി. ഏതാനും വർഷം കഴിഞ്ഞപ്പോൾ വേലായുധൻ ആക്കുളത്ത് മകൾ സാവിത്രിയുടെ പേരിൽ ഒരു വീട് പണിതു. പക്ഷെ അവിടെ രാത്രിയായാൽ ബാധ ശല്യവും വീടിന് മുകളിലൂടെ പന്തം പായുന്ന ഭീതിയും കാരണം വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. ഇതു നാളുകളായി തുടർന്ന് വന്നതിനാൽ വിവരം ഗുരുദേവനെ അറിയിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു പ്രഭാതത്തിൽ വേലായുധൻ ശിവഗിരിയിലേക്ക് വഞ്ചി കയറി. കാര്യങ്ങൾ എല്ലാം ഗുരുദേവനെ ഉണർത്തിച്ചു. പരിഹാരമായി ഗുരുദേവൻ ഇപ്രകാരം പറഞ്ഞു . വേലായുധനും കുടുംബവും ഇനി ഭയപ്പെടേണ്ടി വരില്ല. നാം അവിടെ ഉണ്ടാകും. നമ്മുടെ ഫോട്ടോ വീടിന്റെ മുൻഭാഗത്ത് തെക്ക് ദർശനമായി വച്ചാൽ മതി. ഗുരുദേവനെ പ്രണമിച്ച ശേഷം മടങ്ങിയെത്തി ഗുരു പഞ്ഞതുപോലെ ചെയ്തു. അദ്ഭുതമെന്ന് പറയാം. പിറ്റെ ദിവസം മുതൽ ബാധശല്യമോ പന്തം പായുന്ന രീതിയോ ഒന്നും തന്നെ ഉണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങൾ എല്ലാപേരും ശിവഗിരിയിലെത്തി എല്ലാം അവസാനിച്ചതായി ഗുരുവിനെ അറിയിച്ചു. കാല ക്രമേണ ആക്കുളത്തെ വീട് നശിച്ചപ്പോൾ ഗുരുദേവ അനുഗ്രഹം ചൊരിഞ്ഞ ഫോട്ടോ പിൻതലമുറക്കാരനായ ചിത്രഭാനു സൂക്ഷിച്ചു. അമൂല്യ നിധിയായ ഈ ഫോട്ടോ പവിത്രമായി സൂക്ഷിക്കാൻ ഗുരുദേവൻ തെക്കൻ പളനിയെന്ന് അനുഗ്രഹിച്ച കുന്നുംപാറ ക്ഷേത്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.